ചാമരാജ്നഗർ: കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂരിൽ വനപാലകരുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് റോഡ് ഉപരോധിച്ചു.
വനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ വനപാലകർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് മൈസൂരു കെ.ആർ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് ചാമരാജ്നഗർ, മൈസൂരു എന്നിവിടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ടവർ തമിഴ്നാട് സ്വദേശികളാണെന്നും സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാരിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങി നൽകണമെന്ന് പട്ടാളി മക്കൾ കക്ഷിയും (പിഎംകെ) ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്.
