കുട്ടികളെ ജങ്ക് ഫുഡ് കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപിക നടത്തിയ വേറിട്ട പരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ചിപ്സ്, ബിസ്ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവ കഴിച്ചാൽ വയറ്റിൽ പുഴുക്കൾ വളരുമെന്ന് കാണിക്കാൻ വ്യാജ അൾട്രാസൗണ്ട് സ്കാനിംഗ് ഉപകരണം ഉപയോഗിച്ചാണ് അധ്യാപിക ക്ലാസ് മുറിയിൽ പ്രാങ്ക് നടത്തിയത്.
നീതു ഖണ്ടേൽവാൾ എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഈ സംഭവം ഉള്ളത്. ഒരു കുട്ടിയെ ബെഞ്ചിൽ കിടത്തി, വയറ്റിൽ അൾട്രാസൗണ്ട് നടത്തുന്നതായി അഭിനയിക്കുകയും, സ്ക്രീനിൽ പുഴുക്കൾ നീന്തുന്നതുപോലെയുള്ള ചിത്രങ്ങൾ അധ്യാപിക കുട്ടികളെ കാണിക്കുകയും ചെയ്തു.
വീഡിയോയിൽ ദൃശ്യമാകുന്ന കുട്ടികളുടെ പ്രതികരണമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവർന്നത്. സ്ക്രീനിലെ ദൃശ്യങ്ങൾ കണ്ട് പേടിച്ചരണ്ട പല കുട്ടികളുടെയും കണ്ണുകൾ നിറയുന്നതും വീഡിയോയിൽ കാണാം.
കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക എന്നതായിരുന്നു അധ്യാപികയുടെ ലക്ഷ്യമെങ്കിലും, ഉപയോഗിച്ച രീതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. കുട്ടികളെ ഭയപ്പെടുത്തി കാര്യങ്ങൾ പഠിപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നീതു ഖണ്ടേൽവാൾ കുറിച്ചു.
എന്നാൽ, കുട്ടികളെ ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് അകറ്റാൻ ചിലപ്പോൾ ഭയം അനിവാര്യമാണെന്ന് പറഞ്ഞ് അധ്യാപികയെ പിന്തുണയ്ക്കുന്നവരും കുറവല്ല. കുട്ടികളിൽ ശരിയായ ത്ക്കരണം നൽകേണ്ടത് പേടിപ്പിച്ചാണോ അതോ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാണോ എന്ന ചോദ്യമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.
