ഉറക്കത്തിനിടെ കടിച്ച പാമ്പിനെ തല്ലിക്കൊന്ന്, അതിനെയും സഞ്ചിയിലാക്കി ചികിത്സ തേടി വയോധികൻ ആശുപത്രിയിലെത്തി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. പാടത്തെ ടിൻ ഷെഡിൽ ഉറങ്ങുകയായിരുന്ന ഉത്തം നായക് (60) എന്നയാൾക്കാണ് പാമ്പുകടിയേറ്റത്.
രാത്രി ഉറക്കത്തിനിടെ വലതുകൈയ്യിലെ വിരലിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടതോടെ ടോർച്ച് അടിച്ചുനോക്കിയ ഇയാൾ അഞ്ചടിയോളം നീളമുള്ള കറുത്ത പാമ്പിനെ കാണുകയായിരുന്നു. ഉടൻതന്നെ വടിയെടുത്ത് അടിച്ച് പാമ്പിനെ കൊന്നു. തുടർന്ന് വിരലിൽ സ്വയം തുണി ചുറ്റിക്കെട്ടി, ചായയും കുടിച്ച് പുലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് ഇയാൾ വീട്ടിലെത്തി വിവരം പറയുന്നത്.
ഭയന്നുപോയ കുടുംബാംഗങ്ങൾ ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡിലെത്തിച്ചു. എന്നാൽ, ഡോക്ടർമാരെയും ബന്ധുക്കളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട്, തന്നെ കടിച്ച ചത്ത പാമ്പിനെയും സഞ്ചിയിലാക്കി ഇയാൾ ഡോക്ടർക്ക് മുന്നിൽ കാണിച്ചു കൊടുക്കുകയായിരുന്നു. പാമ്പിന് വിഷമുണ്ടോ എന്ന് പരിശോധിക്കാനാണ് അതിനെ കൊണ്ടുവന്നതെന്ന് ഇയാൾ ഡോക്ടറോട് പറഞ്ഞു.
ഡോക്ടർമാർ ഉടൻ തന്നെ ഉത്തം നായകിനെ പരിശോധിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇയാളുടെ ശരീരത്തിൽ വിഷ ബാധയേറ്റ ലക്ഷണങ്ങളില്ലെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. നവീൻ ചൗഹാൻ അറിയിച്ചു.
