ഓൺലൈൻ ഡെലിവറി ആപ്പായ ‘സെപ്റ്റോ’യുടെ ഡെലിവറി ഏജന്റിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നും വീടിനുള്ളിൽ കയറാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി രംഗത്ത്. ഓർഡർ നൽകാനെത്തിയ ഏജന്റ് കുടിവെള്ളം ചോദിച്ച വാങ്ങിയ ശേഷം വീടിനുള്ളിൽ കയറാൻ ആവർത്തിച്ച് അനുവാദം ചോദിച്ചെന്നാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്.
വെള്ളം കുടിച്ച ശേഷം വീണ്ടും വെള്ളം ചോദിച്ചയാൾ, വീടിനുള്ളിൽ അഞ്ച് മിനിറ്റ് ഇരിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ നിരവധി തവണ വിസമ്മതിക്കുകയും പുറത്ത് ഇരിക്കാൻ സ്ഥലമുണ്ടെന്ന് പറയുകയും ചെയ്തിട്ടും ഡെലിവറി ഏജന്റ് വീടിനുള്ളിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ഭയം തോന്നി ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിരന്തരം ഡോർ ബെൽ അടിക്കുകയും വീണ്ടും ഉള്ളിൽ കയറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ അടച്ചതോടെ ഏജന്റ് ശക്തിയായി വാതിലിൽ മുട്ടാൻ തുടങ്ങിയെന്ന് യുവതി തന്റെ വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് യുവതി സെപ്റ്റോ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ ആപ്പ് വഴി പരാതി നൽകിയപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്നും ഇത് തന്നെ അങ്ങേയറ്റം നിരാശയാക്കിയെന്നും യുവതി വ്യക്തമാക്കി.
ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
സാധനങ്ങൾ വാങ്ങുമ്പോൾ ജീവനക്കാരുമായി നേരിട്ട് ഇടപഴകാതെ വാതിലിന് പുറത്ത് സാധനങ്ങൾ വെക്കാൻ പറയുന്നതാണ് സുരക്ഷിതമെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഉപയോക്താക്കൾ എപ്പോഴും ജാഗ്രത പുലർത്തണമെന്നും കമന്റുകളിൽ
ആളുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി സെപ്റ്റോ കമ്പനി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സേവന ശൈലിയല്ല ഇതെന്നും വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തുമെന്നും സെപ്റ്റോ അറിയിച്ചു. പരാതിക്കാരിയായ യുവതിയോട് ഓർഡർ വിവരങ്ങളും ഫോൺ നമ്പറും നേരിട്ട് അയച്ചുനൽകാൻ കമ്പനി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
