കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച ആദ്യ ദിവസം തന്നെ കമ്പനി നല്കിയ മാക്ബുക്ക് ലാപ്ടോപ്പുമായി ഒരു ഉദ്യോഗാർഥി മുങ്ങിയ സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ഡിജിറ്റൽ വിവരങ്ങളെല്ലാം പൂർണമായി ഇല്ലാതാക്കി യുവാവ് അപ്രത്യക്ഷനായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഊബർ കന്പനിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കമ്പനി ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വിലകൂടിയ മാക്ബുക്കുമായാണ് ഇയാൾ മുങ്ങിയത്. കമ്പനിക്ക് തന്നെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാത്ത വണ്ണം തന്റെ ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ തുടങ്ങിയ എല്ലാ ഡിജിറ്റൽ രേഖകളും ഇയാൾ പൂർണ്ണമായും ഡിലീറ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊബർ ഓഫീസിലാണ് സംഭവം നടന്നത്.
ഊബറിലെ പ്രിൻസിപ്പൽ റിക്രൂട്ടറായ രഘു തെന്നേറ്റി ആണ് ഈ സംഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇൻ വഴി വെളിപ്പെടുത്തിയത്.യാതൊരുവിധ സൂചനകളും അവശേഷിപ്പിക്കാതെ ഇയാൾ അപ്രത്യക്ഷനായതിനെ തുടർന്നാണ് ‘അവൻ അപ്രത്യക്ഷനായി’ എന്ന് പ്രതികരിച്ചത്.
ഇയാൾ നൽകിയ മേൽവിലാസം അന്വേഷിച്ചു ചെന്നപ്പോൾ അതൊരു ഒഴിഞ്ഞ പറമ്പായിരുന്നു. കൂടാതെ, ഐടി ടീം മാക്ബുക്കിന്റെ സിഗ്നൽ പരിശോധിച്ചപ്പോൾ, അത് ഫാക്ടറി റീസെറ്റ് ചെയ്യപ്പെടുകയും, എൻക്രിപ്റ്റഡ് പ്രോക്സി ഉപയോഗിച്ച് ഭൂമിയിൽ നിലവിലില്ലാത്ത കോർഡിനേറ്റുകളിൽ നിന്ന് ലൊക്കേഷൻ കാണിക്കുകയും ചെയ്തു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംഭവത്തെതുടർന്ന് വലിയ രീതിയിലുള്ള ചർച്ചകളും പ്രതികരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ അരങ്ങേറുന്നത്. സംഭവത്തിൽ പ്രതികരിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി കമ്പനികളെ പറ്റിക്കുന്ന ആളുകളെക്കുറിച്ച് കോർപ്പറേറ്റ് മേഖലയിൽ ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
