തിരുവനന്തപുരം: കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ക്ക് 99 വോട്ടും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടും ലഭിച്ചു.
ബിജെപിയിലെ മൂന്ന് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ, സി.കെ. ഹരീന്ദ്രൻ എന്നിവർ അവധിയായതിനാൽ വോട്ടു ചെയ്തില്ല.അരൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ഷാനിമോള്‍ ഉസ്മാന്.
കൂടാതെ കെപിസിസി എക്സിക്യൂട്ടീവ് അംഗവുമാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ നേരത്തെ വഹിച്ചിരുന്നു.കഴിഞ്ഞ 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമസഭയിലേക്ക് ഒരു വനിത ഡെപ്യൂട്ടി സ്പീക്കറാകുന്നത്.
കേരളാ നിയമസഭാ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനി മോൾ ഉസ്മാൻ.ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷാനിമോളെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്ത വിവരം സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ച് ആശംസകള്‍ നേര്‍ന്നു.
