ഹരിയാനയിലെ ഗുഡ്ഗാവിൽ സെക്ടർ 62ൽ ഒരു യുവതിയും മറ്റൊരു പുരുഷനും തമ്മിലുണ്ടായ തർക്കമണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എക്സിൽ പങ്കുവെച്ച വീഡിയോയിൽ, സ്ത്രീ കാർ തന്റെ കാലിലൂടെ കയറ്റി ഇറക്കിയതായി അയാൾ ആരോപിക്കുന്നു. തന്നോട് ക്ഷമ ചോദിക്കുന്നതിന് പകരം, ഭർത്താവിന് പോലീസിലുള്ള പദവി പറഞ്ഞ് സ്ത്രീ ഭീക്ഷണിപ്പെടുത്തിയതായും അദേഹം പറഞ്ഞു.
താൻ റോഡരികിലൂടെ നടന്നുപോകുമ്പോൾ സ്ത്രീ കാറിടിച്ച് തന്റെ കാലിൽ പരിക്കേൽപ്പിച്ചതായി അയാൾ ആരോപിച്ചു.
സംഭവങ്ങൾ നടക്കുമ്പോൾ കാറിനുള്ളിലിരുന്ന സ്ത്രീ കാൽനടയാത്രക്കാരനായ അദ്ദേഹവുമായി തർക്കിക്കുന്നതും കാണാം. അയാൾ സംഭവങ്ങളെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തു. ഹരിയാന രജിസ്ട്രേഷനിലുള്ളതാണ് വാഹനം എന്ന് വ്യക്തമാക്കുന്ന കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ കാണിച്ചു.
സ്ത്രീ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ പെട്ടെന്ന് വഷളായി. വീഡിയോ റിക്കാർഡ് ചെയ്യുന്നതിനിടയിൽ, കാറിന്റെ ഡോർ തുറന്ന് സ്ത്രീ തന്റെ ഭർത്താവ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് മറുപടി നൽകി. “നീ നടുറോഡിലൂടെ നടന്നതുകൊണ്ടാണ് തട്ടിയത്,” എന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, കാൽനടയാത്രക്കാരൻ അവരുടെ കാർ റോഡിലല്ല മറിച്ച് ഒരു വശത്തേക്ക് ചരിഞ്ഞാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് കാണിച്ചു. കാർ റോഡിന്റെ നടുവിലാണോ നിർത്തിയിട്ടിരിക്കുന്നതെന്നും അത് ഒരു വശത്താണ് കിടക്കുന്നതെന്ന് കാണാൻ കഴിയുന്നില്ലേയെന്ന് യുവതിയോട് അയാൾ ചോദിക്കുന്നതും കേൾക്കാം.സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനത്തിന് കാരണമായി. സ്വന്തം ഭർത്താവിന്റെ തൊഴിലിനെക്കുറിച്ച് അവിടെ പറയേണ്ട കാര്യമെന്തായിരുന്നുവെന്ന് പലരും ചോദ്യം ചെയ്തു.
