ബംഗളൂരു: വന്ദേ ഭാരത് ട്രെയിനിൽ സൗകര്യങ്ങളും സമാധാനപരമായ യാത്രയും പ്രതീക്ഷിച്ച് കയറിയ അജയ് കുമാർ എന്ന യുവാവിന്, നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് മൈസൂരു വന്ദേ ഭാരത് എക്സ്പ്രസിലുള്ള യാത്ര വലിയൊരു ‘ദുരന്തമായി’ അജയ്ക്ക് മാറിയതായാണ്
സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ട്രെയിനില്‍ തന്റെ അടുത്തിരുന്ന ചെറിയ കുട്ടികളുടെ കുസൃതികളും അത് കണ്ടിട്ടും അവരെ നിയന്ത്രിക്കാന്‍ മടിച്ച മാതാപിതാക്കളും വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമാക്കി മാറ്റിയെന്ന് യുവാവ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലെ ‘സിവിക് സെൻസിനെ ചൊല്ലി വലിയൊരു ഓൺലൈൻ സംവാദത്തിനാണ് ഈ കുറിപ്പ് വഴിവച്ചിരിക്കുന്നത്.
സഹയാത്രികരായ കുട്ടികളുടെ അനിയന്ത്രിതമായ പെരുമാറ്റവും അതിന്മേൽ മാതാപിതാക്കൾ പുലർത്തിയ നിശബ്ദതയുമാണ് യാത്ര ദുരന്തമാക്കിയതെന്ന് അജയ് പറയുന്നു. വിൻഡോ സീറ്റിലായിരുന്ന അജയിയുടെ തൊട്ടടുത്ത സീറ്റിൽ അച്ഛനൊപ്പം യാത്ര ചെയ്ത നാലു വയസുകാരൻ യാത്രയിലുടനീളം തന്റെ ദേഹത്തേക്ക് വീഴുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ യുവാവിന്റെ കയ്യിലിരുന്ന ചായ മറിയുന്ന അവസ്ഥ വരെ ഉണ്ടായിട്ടും കുട്ടിയുടെ പിതാവ് ഇടപെടാനോ കുട്ടിയെ നിയന്ത്രിക്കാനോ തയ്യാറായില്ല.
തന്റെ മുന്നിലെ സീറ്റിലിരുന്ന മറ്റൊരു കുട്ടി സീറ്റ് പുറകോട്ട് ഇടക്കിടക്ക് തള്ളിക്കൊണ്ടിരുന്നത് മൂലം ലാപ്ടോപ്പിൽ ജോലി ചെയ്യാനായില്ലെന്നും യുവാവ് പറയുന്നു. അജയിയുടെ കാൽമുട്ടിൽ സീറ്റ് ശക്തമായി വന്ന് ഇടിക്കുകയും ലാപ്ടോപ്പ് അടഞ്ഞുപോകുന്ന അവസ്ഥ വരികയും ചെയ്തു. ഈ കുട്ടിയുടെ അമ്മയും ഇത് കണ്ട് മിണ്ടാതിരിക്കുകയായിരുന്നു എന്ന് യുവാവ് ആരോപിക്കുന്നു. “പൊതുസ്ഥലങ്ങളിൽ കുട്ടികൾ യാത്ര ആസ്വദിക്കുന്നതിൽ എനിക്ക് എതിർപ്പില്ല, എന്നാൽ അവരുടെ പെരുമാറ്റം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ മാതാപിതാക്കൾ ഇടപെടേണ്ടതുണ്ട് അജയ് കുമാർ കുറിച്ചു.
അജയിയുടെ പോസ്റ്റ് പങ്കുവെക്കപ്പെട്ടതോടെ പൊതുസ്ഥലങ്ങളിലെ ‘പാരന്റിംഗ് രീതികളെ’ ചൊല്ലി വലിയ ചർച്ചയാണ് ഓൺലൈനിൽ ഉയരുന്നത്. ജെന്റിൽ പാരന്റിംഗ്, എന്ന പേരിൽ കുട്ടികൾ എന്ത് ചെയ്താലും മിണ്ടാതിരിക്കുന്ന രീതി മാറണമെന്നും വലിയൊരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ കുട്ടികളല്ലേ, അവരെ കെട്ടിയിടാൻ കഴിയില്ലല്ലോ എന്ന മറുവാദവും ചിലർ ഉയർത്തുന്നുണ്ട്.
