ജർനിയിലെ ജോലിയിൽ നിന്ന് വംശീയ അധിക്ഷേപം മൂലം പിരിച്ചുവിടപ്പെട്ടതിനെത്തുടർന്ന്, ഇന്ത്യയിൽ തിരിച്ചെത്തി സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുത്ത് പ്രതിമാസം 9.5 ലക്ഷം രൂപയോളം ലാഭം കൊയ്യുന്ന മുംബൈ സ്വദേശിയായ ഗെയിം ഡെവലപ്പർ അനുൽ അഗർവാളിന്റെ ജീവിതയാത്രയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ജർമനിയിൽ ഒരു ഗെയിം പ്രൊഡ്യൂസർ ആയി ജോലി ചെയ്യുകയായിരുന്നു അനുൽ അഗർവാൾ. ഏകദേശം മൂന്നര വർഷം മുമ്പ് കമ്പനിയിലെ വംശീയതയും ആഭ്യന്തര മാനേജ്മെന്റ് പ്രശ്നങ്ങളും കാരണം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. ജോലി പോയതോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാനും സ്വതന്ത്രമായി ഗെയിമുകൾ വികസിപ്പിക്കാനും തീരുമാനിച്ചു. സ്വന്തമായി നിർമിച്ച ആപ്പുകൾ, ഗെയിമുകൾ, ഉള്ളടക്ക നിർമ്മാണം എന്നിവയിലൂടെ അദ്ദേഹം ഇപ്പോൾ പ്രതിമാസം ഏകദേശം 10,000 ഡോളർ ലാഭമായി നേടുന്നു.
തന്റെ പ്രൊജക്റ്റുകളുടെ പുരോഗതിയും കഥകളും സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പങ്കുവെക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചു. ലിങ്ക്ഡ്ഇൻ വഴി തന്റെ ജോലികൾ പങ്കുവെച്ചതുവഴി നിരവധി ഫ്രീലാൻസ് പ്രൊജക്റ്റുകളും വലിയ സഹകരണങ്ങളും അദ്ദേഹത്തെ തേടിയെത്തി, കഴിഞ്ഞ 6 മാസമായി എക്സ് പ്ലാറ്റ്ഫോമിൽ സജീവമായ അദ്ദേഹം, അക്കൗണ്ട് മോണിറ്റൈസ് ചെയ്ത് അവിടെനിന്ന് മാത്രം ഏകദേശം 5,000 ഡോളർ (4.76 ലക്ഷം രൂപ) സമ്പാദിച്ചു.
അദ്ദേഹം നിർമിച്ച വിവിധ വെബ്/മൊബൈൽ ഗെയിമുകൾക്ക് നിലവിൽ 7 കോടിയിലധികം പ്ലേയേഴ്സ് ഉണ്ട്. ജർമനി താൻ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ വംശീയത നേരിട്ട രാജ്യങ്ങളിൽ ഒന്നാണെന്നും, എന്നാൽ ആ പ്രതിസന്ധിയെ ഒരു വലിയ അവസരമാക്കി മാറ്റാൻ തനിക്ക് കഴിഞ്ഞതായും അനുൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
