ഇരകളെ വീണ്ടും ‘മാനഭംഗത്തിനിരയാക്കി’ കന്യകാത്വപരിശോധന ! കിരാതമായ കന്യകാത്വപരിശോധനയെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് അവളുടെ കന്യകാത്വം എന്നാണ് കരുതപ്പെടുന്നത്. മാനഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികളെ വീണ്ടും മാനഭംഗത്തിനിരയാക്കുന്ന കന്യകാത്വപരിശോധന പാക്കിസ്ഥാനില്‍ വ്യാപകമാകുകയാണ്.

ബലാല്‍സംഗം വന്‍തോതിലാണെങ്കിലും പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നവര്‍ കുറവാണ്.സ്ത്രീസൗഹൃദപരമായല്ല, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് എന്നതാണു കാരണം.

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെ പോലീസും ആശുപത്രി അധികൃതരും പൊതുസമൂഹവുമുള്‍പ്പെടെ മോശം കണ്ണിലൂടെയാണു വീക്ഷിക്കുന്നത്. അഥവാ പരാതിപ്പെടാന്‍ ധൈര്യം കാട്ടുന്നവരാണു പ്രാകൃതമായ കന്യകാത്വപരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്.

അടുത്തിടെ ഇത്തരമൊരു പരാതി നല്‍കിയ ഷാസിയ എന്ന കൗമാരക്കാരിയുടെ അനുഭവം ഉദാഹരണമാണ്. ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്നാണു ഈ പെണ്‍കുട്ടിപോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍, നടന്ന കുറ്റകൃത്യത്തോളം ക്രൂരമായ തുടര്‍നടപടികളാണ് അവള്‍ക്കു നേരിടേണ്ടിവന്നത്.

അശാസ്ത്രീയവും വേദനാജനകവുമായ രീതിയില്‍ ഒരു ഡോക്ടര്‍ അവളുടെ കന്യകാത്വപരിശോധന നടത്തി. പെണ്‍കുട്ടി വളരെക്കാലമായി ലൈംഗിക ജീവിതം നയിക്കുന്നുണ്ടോ എന്നതാണ് ഇത്തരം കേസുകളില്‍ ആദ്യം പരിശോധിക്കപ്പെടുന്നത്.

വെറും വിരലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍ ഗ്ലാസ് ദണ്ഡുകള്‍ ഉപയോഗിച്ചുമൊക്കെയാണ് ഇത്തരം ‘വിദഗ്ധ’പരിശോധനകള്‍. അധികൃതരുടെ ഇത്തരം പെരുമാറ്റവും ബന്ധുക്കളുടെ സമ്മര്‍ദവും മാനസികമായി തളര്‍ത്തിയതോടെ ഷാസിയയുടെ മാതാപിതാക്കള്‍ക്കു കേസ് പിന്‍വലിക്കേണ്ടിവന്നു.

പാക്കിസ്ഥാനില്‍ മാത്രമല്ല ബ്രസീലിലും സിംബാവെയിലുമുള്‍പ്പെടെ 20ലധികം രാജ്യങ്ങളില്‍ ഇത്തരം പ്രാകൃതരീതികള്‍ നിലനില്‍ക്കുന്നതായി ലോകാരോഗ്യസംഘടന പറയുന്നു.

ബലാത്സംഗക്കേസുകളില്‍ പരാതിക്കാരായ സ്ത്രീകള്‍ക്കു കന്യകാത്വപരിശോധന നിര്‍ബന്ധമാണെന്നാണു പാക് ആരോഗ്യവകുപ്പിന്റെ നിലപാട്. ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നു ബലാത്സംഗക്കേസുകളില്‍ ‘രണ്ടുവിരല്‍’ പരിശോധന അവസാനിപ്പിച്ച് പാക് പ്രസിഡന്റ് ഉത്തരവിറക്കി.

എന്നാല്‍, ഇത്തരം കേസുകളില്‍ കന്യകാത്വപരിശോധനതന്നെ വേണ്ടെന്ന വിധി പുറപ്പെടുവിച്ചത് അടുത്തിടെ പാക് പഞ്ചാബ് മേഖലയിലെ ലാഹോര്‍ ഹൈക്കോടതിയാണ്.

ഇരയായ 15കാരി ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന കണ്ടെത്തിയതിന്റെ പേരില്‍ ബലാത്സംഗക്കേസിലെ പ്രതിയെ കോടതി വെറുേതവിട്ട സംഭവവും 2014-ല്‍ ഫൈസലാബാദിലുണ്ടായി.

അടുത്തിടെ, മക്കളുടെ മുന്നില്‍ അമ്മയെ രാത്രി പാതയോരത്തു ബലാത്സംഗം ചെയ്ത സംഭവം പാകിസ്താനില്‍ വന്‍പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. എന്നാല്‍, സ്ത്രീകള്‍ രാത്രി വാഹനമോടിക്കരുത് എന്നായിരുന്നു ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

Related posts

Leave a Comment