ആദ്യമായെത്തിയ ആളോട് പീഡിപ്പിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചു ! വീട്ടില്‍ നിന്ന് കൊണ്ടു പോയത് ജോലി വാഗ്ദാനം ചെയ്ത്; വിതുര കേസിന്റെ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി

ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി ആളുകള്‍ക്ക് കാഴ്ചവച്ചുവെന്ന് ഇരയായ പെണ്‍കുട്ടി കോടതിയ്ക്കു മുമ്പാകെ വെളിപ്പെടുത്തി.  കോട്ടയത്തെ പ്രത്യേക കോടതിയില്‍ പെണ്‍കുട്ടിയെ ബുധനാഴ്ച പ്രതിഭാഗം വിസ്തരിച്ചു. വിസ്താരം വ്യാഴാഴ്ചയും തുടരും.

ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതി ജുബൈന മന്‍സിലില്‍ സുരേഷി(45)നൊപ്പം പോയതെന്നും എന്നാല്‍ തന്നെ നിരവധി ആളുകള്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട് തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെന്നും രക്ഷപ്പടാന്‍ ശ്രമിച്ചെന്നും ബഹളം വച്ചെന്നും പെണ്‍കുട്ടി പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വിചാരണയ്ക്കിടെ ഒളിവില്‍ പോയ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിന്നീടും പെണ്‍വാണിഭം തുടരുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് ഹൈദരാബാദില്‍ നിന്നു പിടികൂടി.1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സുരേഷ് ഒളിവില്‍ പോവുകയായിരുന്നു.കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ 2014ല്‍ ഇയാള്‍ കീഴടങ്ങിയിരുന്നു. ഒരുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ വീണ്ടും ഒളിവില്‍ പോവുകയായിരുന്നു.

സുരേഷിന് ബോംബെയിലും ഹൈദരാബാദിലും വീടുണ്ടെന്നും ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭം നടത്തുന്നുണ്ടെന്നുമുള്ള വിവരത്തെത്തുടര്‍ന്നാണ് പോലീസ് ഹൈദരാബാദിലെത്തിയതും തുടര്‍ന്ന് ഇയാളെ പിടികൂടിയതും.സുരേഷില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി കോടതിയോട് മുമ്പ് പറഞ്ഞിരുന്നു. ഇയാള്‍ ഒളിവിലായിരുന്ന 18 വര്‍ഷത്തിനിടെ രണ്ടു തവണ വിചാരണ നടന്നിരുന്നു.

Related posts