പേരൂര്ക്കട: പൂജപ്പുര ജില്ലാ ജയിലിനു സമീപമുള്ള ബസ് വെയിറ്റിംഗ് ഷെഡിൽ ഇരിക്കാനിടമില്ല. കരമന ഭാഗത്തുനിന്ന് വഴുതക്കാട്, വെള്ളയമ്പലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവര്ക്ക് സഹായകമായി പണിത വെയിറ്റിംഗ് ഷെഡിലാണ് ഒരാള്ക്കുപോലും ഇരിക്കാനുള്ള സംവിധാനം ഇല്ലാത്തത്.
അതേസമയം ഇതിന് എതിർവശത്തായുള്ള ഷെഡിൽ പത്തോളം പേര്ക്ക് ഒരേസമയം ഇരിക്കാനുള്ള സംവിധാനവുമുണ്ട്. മഴയും വെയിലും ഏല്ക്കാതെ നില്ക്കാമെന്നതുമാത്രമാണ് ഈ ഷെഡുകൊണ്ടുള്ള പ്രയോജനം. അതേസമയം ഷെഡിന് മുകളില് ഒരു വന്മരത്തിന്റെ ശാഖകള് തൊട്ടുനില്ക്കുന്നത് ബസ് കാത്തുനില്ക്കുന്നവര്ക്ക് ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.
ഇരിപ്പിടങ്ങളില്ലാത്തതിനാല് മഴയില്ലാത്ത അവസരങ്ങളില് ജനങ്ങള് അധികമാരും ഷെഡിനുള്ളിലേക്ക് കയറാറില്ല. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള് ഉള്പ്പെടെ വെയിറ്റിംഗ് ഷെഡിനു മുന്നില് പാര്ക്ക് ചെയ്യുന്നുണ്ട്.