വടക്കഞ്ചേരി: കണ്ടുപിടുത്തങ്ങളുടെ രാജാക്കൻമാരായ വള്ളിയോട് പോളിടെക്നിക് കോളജിലെ ഐടിഐ ട്രെയ്നികൾ മറ്റൊരു കണ്ടെത്തൽകൂടി നടത്തി സാങ്കേതിക മികവിൽ വിസ്മയം തീർത്തു.
യുദ്ധത്തെതുടർന്നുള്ള ഗ്യാസ് ക്ഷാമത്തിൽ പാചകം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കകൾക്ക് പരിഹാരമാകുന്നതാണ് പുതിയ കണ്ടുപിടുത്തം. ഐടിഐ യിലെ മിടുക്കൻമാർ ഇതിനു ലളിതമായ വഴിയിലൂടെയാണ് പരിഹാരം കണ്ടെത്തിയിട്ടുള്ളത്.
പപ്പടം, മത്സ്യ- മാംസം, ചിപ്സ്, എണ്ണക്കടികൾ തുടങ്ങിയവ വറുത്തതിനു ശേഷമുള്ള വേയ്സ്റ്റ് ഓയിൽ മതി ട്രെയ്നികൾക്ക് സ്റ്റൗ കത്തിക്കാൻ. ഒരു ലിറ്റർ വേയ്സ്റ്റ് ഓയിൽ കൊണ്ട് അഞ്ചുമണിക്കൂർവരെ സ്റ്റൗ കത്തിക്കാം.
ഇതു പൊതുജനങ്ങൾക്കു മുന്നിൽ കാണിച്ചു കൊടുത്ത് വിദ്യാർഥികൾ കൈയടി നേടുകയും ചെയ്തു. ഇന്നലെ രാവിലെ വടക്കഞ്ചേരി ബസ് സ്റ്റാൻഡിലായിരുന്നു പുതിയ കണ്ടുപിടുത്തത്തിന്റെ പ്രദർശനം സംഘടിപ്പിച്ചത്.
സീറോ ബജറ്റ് അടുപ്പാണിത്. കൂടി വന്നാൽ 1200 രൂപയുടെ വേയ്സ്റ്റ് സാധന സാമഗ്രികൾ കൊണ്ട് പാചകം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. പുക പ്രശ്നങ്ങളില്ല. വേയ്സ്റ്റ് ഓയിൽ, അത് സ്റ്റോർ ചെയ്യാനുള്ള പാത്രം, ഓയിൽ കടന്നു വരുന്നത് നിയന്ത്രിക്കാനുള്ള വാൾവ്, സ്റ്റൗവിന്റെ ഫ്രെയിം, ചെറിയ പൈപ്പ്, ചുറ്റും ദ്വാരങ്ങളുള്ള ബർണർ, റഗുലേറ്റർ, കുഞ്ഞു ഫാൻ തുടങ്ങിയവയാണ് അടുപ്പു നിർമാണ സാമഗ്രികൾ. ബാറ്ററിയുടെയോ വൈദ്യുതിയുടെയോ സഹായത്താൽ തീ കൂട്ടാനും കഴിയും.
വേയ്സ്റ്റ് ഓയിൽ സ്റ്റൗ എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. ടീം ലീഡറായ സാൻജോയുടെ നേതൃത്വത്തിൽ എംഎംവി ട്രെയ്ഡിലെ കെ.കെ.കാർത്തിക് , ജെ. അമൽ, ആൽവിൻ ഷൈജു, അൻവിൻ വിൻസന്റ്, എ. അൻസിൽ എന്നിവരാണ് പുതിയ കണ്ടെത്തലുകളുടെ ശില്പികൾ.
ഇവർക്ക് പ്രോത്സാഹനവും സർവ പിന്തുണയുമായി കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. സജോ അറയ്ക്കൽ, ഐടിഐ പ്രിൻസിപ്പൽ ജോൺ ശെൽവരാജ് മറ്റു അധ്യാപകരായ ജോബിൻ ജോസ്, കെ.എം. ഷാജു, ജോമോൻ കെ. ജോണി എന്നിവരും വിദ്യാർഥി കൂട്ടായ്മയും ഒപ്പമുണ്ടായിരുന്നു. പാചക രംഗത്ത് ജനപ്രീതി നേടിയ റോക്കറ്റ് സ്റ്റൗവിന്റെ പ്രദർശനവും വിദ്യാർഥികൾ നടത്തി. കുറഞ്ഞ വിറകിൽ കൂടുതൽ പാചകവും ഈസി പാചകവുമാണ് റോക്കറ്റ് സ്റ്റൗവിന്റെ മേന്മ.
ഏതാനും പൈപ്പുകഷണങ്ങളുടെ സംയോജനത്തിൽ വായു കടക്കുംവിധമാണ് ഈ അടുപ്പുനിർമാണം. അടുപ്പിലേക്ക് വിറക് കുത്തനെയാണ് വച്ചു കൊടുക്കുന്നത്. ഇതുവഴി വിറക് വേഗത്തിൽ കത്തുന്നതിനും ചൂടുകൂടാനും സഹായകമാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
മോഡേൺ റാലികാറും കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന മിക്സിയും ഭീമൻ സൈക്കിളുമൊക്കെ നിർമിച്ച് യന്ത്രനിർമാണ കമ്പനികളെ അമ്പരപ്പിക്കുന്നവരാണ് സെന്റ് മേരീസിലെ ഐടിഐ വിദ്യാർഥികൾ. സ്പ്രേയിംഗ് ഡ്രോൺ, ഈർക്കിളി ചൂൽ ഉണ്ടാക്കുന്ന യന്ത്രം തുടങ്ങി ഒട്ടനവധിയുണ്ട് ഐടിഐ ട്രെയ്നികളുടെ കണ്ടെത്തലുകൾ.
