വയനാടും വെട്ടുകിളി ഭീതിയില്‍ ! പുല്‍പ്പള്ളിയിലും പരിസരങ്ങളിലും രണ്ടുമാസമായി പുല്‍ച്ചാടിയോടു സാദൃശ്യമുള്ള ശല്യം രൂക്ഷം; കാപ്പികൃഷി ഭീഷണിയില്‍…

വയനാട്ടും വെട്ടുകിളി ഭീഷണിയില്‍. വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയിലാണ് പുല്‍ച്ചാടിയോട് രൂപസാദൃശ്യമുള്ള പല വര്‍ണ്ണങ്ങളിലുള്ള ഈ ചെറുജീവികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.

രണ്ട് മാസത്തിലധികമായി പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലെ തോട്ടങ്ങളിലും ഈ ജീവികളുടെ ശല്യമുണ്ട്.

കാപ്പിചെടികളിലാണ് ഇപ്പോള്‍ ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും കൊക്കോ പോലുള്ള നാണ്യവിളകള്‍ക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഈ ചെറുപ്രാണികള്‍.

തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിര്‍ദേശമെങ്കിലും പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ, കാപ്പി എന്നിവയില്‍ കീടനാശിനി തളിക്കാന്‍ പല കര്‍ഷകരും താല്പര്യപ്പെടുന്നില്ല.

നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകള്‍ നശിച്ചതാണ് വെട്ടുകിളികള്‍ പെരുകാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇലകളെയാണ് പ്രധാനമായും ഇവ അക്രമിക്കുന്നത്. എന്നാല്‍ ഇലകള്‍ തിന്നുകഴിഞ്ഞാല്‍ ഫലങ്ങളിലേക്കും തടിയിലേക്കും ഇവയെത്തുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

പുല്‍ച്ചാടി വര്‍ഗത്തില്‍പ്പെട്ട ഈ ചെറുജീവികള്‍ വെട്ടുകിളികള്‍ തന്നെയാണോ എന്നറിയാന്‍ സാമ്പിളുകള്‍ ശേഖരിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.

വേപ്പെണ്ണ പോലുള്ള ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ വയനാട്ടില്‍ ഇപ്പോള്‍ കാണുന്ന ചെറജീവികള്‍ക്ക് നേരത്തെ ഉത്തരേന്ത്യയില്‍ കണ്ടെത്തിയ തരത്തിലുള്ള വെട്ടുകിളികളോട് സാദൃശ്യമില്ലെന്നും കീടനാശിനി ഉപോയോഗിച്ച് ഇവയെ തുരത്തേണ്ട ആവശ്യമില്ലെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.

ഇവ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കാണുന്നവയെ പോലെ അക്രമകാരികളല്ലെന്നും ഇവര്‍ പറയുന്നു.

Related posts

Leave a Comment