ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കന്പനിയായ സ്റ്റാർ ലിങ്കിന്റെ സേവനം ഇന്ത്യയിൽ ആരംഭിക്കാനിരിക്കേ കഴിഞ്ഞദിവസം തങ്ങളുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട പ്രതിമാസ ഇന്റർനെറ്റ് പ്ലാൻ നിരക്കുകൾ ശരിയല്ലെന്നു വ്യക്തമാക്കി കന്പനി രംഗത്ത്.
വെബ്സൈറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട നിരക്കുകൾ സാങ്കേതിക തകരാർ മൂലം പ്രത്യക്ഷപ്പെട്ട ഡമ്മി ടെസ്റ്റ് നിരക്കുകളാണെന്നും ഈ തകരാർ ഉടനെ പരിഹരിച്ചുവെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായ ലോറൻ ഡ്രെയർ വ്യക്തമാക്കി.
സ്റ്റാർലിങ്ക് സൈറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട ഇന്റർനെറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെന്നും ഇന്ത്യയിലെ ഇന്റർനെറ്റ് മേഖലയ്ക്കു താങ്ങാൻ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതിനുപിന്നാലെയാണ് നിരക്കുകൾ ശരിയായതല്ലെന്ന വിശദീകരണവുമായി കന്പനി രംഗത്തെത്തിയത്.
ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനത്തിനു സമാനമായി കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് നൽകുന്നത്. ഈ ഉപകരണത്തിന് 34,000 രൂപയാണു നൽകേണ്ടതെന്നും ഇതു വാങ്ങിച്ചശേഷം ഇന്റർനെറ്റിനായി പ്രതിമാസം 8,600 രൂപ നൽകണമെന്നുമായിരുന്നു സ്റ്റാർലിങ്ക് വെബ്സൈറ്റിലെ വിവരം.
എന്നാൽ, ഇതിനുശേഷം ലോറൻ ഡ്രെയർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ സ്റ്റാർലിങ്ക് ഇന്ത്യ വെബ്സൈറ്റ് ലൈവല്ലെന്നും ഇന്ത്യയിലെ ഉപയോക്താക്കൾക്കായുള്ള നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തങ്ങളുടെ ടീമുകൾ സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനായി ശ്രമിക്കുകയാണെന്നും ലോറൻ പറഞ്ഞു.
