ശബരിമല വിവാദത്തില്‍ അന്തിമനഷ്ടം സിപിഎമ്മിന് തന്നെ, പ്രസക്തിയില്ലാതെ വലഞ്ഞ ബിജെപിക്ക് പെനാല്‍റ്റിക്ക് അവസരം നല്കിയത് സിപിഎം നിലപാട്, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിയര്‍ക്കേണ്ടിവരും, വിദഗ്ധരുടെ വിലയിരുത്തല്‍ ഇങ്ങനെ

ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന് വിധിച്ചത് സുപ്രീംകോടതിയാണെങ്കിലും അടികിട്ടുക സിപിഎമ്മിനാകും. രണ്ടാഴ്ചയായി നീണ്ടുനില്‍ക്കുന്ന ഭക്തരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പ്രതിഷേധം അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിജെപിക്ക് വടിനല്കി

ഹിന്ദുത്വ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും കേരളത്തിലെ വിശ്വാസികള്‍ പലരും ബിജെപിയെ ഒരടി അകലത്തില്‍ നിര്‍ത്തുന്നവരാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന ബിജെപിയും ദുര്‍ബലമായി. നല്ലൊരു നേതാവിന്റെ അഭാവവും പാര്‍ട്ടിയിലെ ചേരിപ്പോരും എല്ലാംകൂടി ആകെ മൊത്തം തളര്‍ന്ന അവസ്ഥ. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സിപിഎം ഇറങ്ങി തിരിച്ചതോടെ ബിജെപി അവസരം മുന്നില്‍ കണ്ടു. സംഘപരിവാര്‍ നേതൃത്വം കൃത്യമായ ആസൂത്രണത്തോടെ സമരത്തെ മുന്നില്‍ നിന്ന് ഏകോപിപ്പിച്ചു. ബിജെപിയോട് അയിത്തം കല്പിച്ചിരുന്നവരെ പോലും കാവിക്കൊടിക്കു താഴെ അണിനിരത്താന്‍ സംഘപരിവാര്‍ നേതൃത്വത്തിനായി.

എന്തുസംഭവിക്കും തെരഞ്ഞെടുപ്പില്‍

ഇപ്പോഴത്തെ നിലയില്‍ ശബരിമല വിവാദം കത്തിനില്‍ക്കാനാകും ബിജെപി ആഗ്രഹിക്കുക. അങ്ങനെ സംഭവിച്ചാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിക്കും. വലിയ തിരിച്ചടി സിപിഎമ്മിനു നേരിടേണ്ടിവരും. ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ ബിജെപി ആകണമെന്നില്ല. കോണ്‍ഗ്രസിനാകും കൂടുതല്‍ പ്രയോജനം ലഭിക്കുക.

കേരളം പുരോഗമനമായി ചിന്തിക്കുന്ന നാടാണെങ്കിലും ഏതെങ്കിലും മതനേതാക്കളെ അറസ്റ്റു ചെയ്യുകയോ വിശ്വാസത്തെ ഹനിക്കുകയോ ചെയ്താല്‍ വിശ്വാസില്‍ കനല്‍ വീഴുമെന്നുറപ്പ്. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പലരും ശബരിമല സമരത്തില്‍ ബിജെപിയുടെ കൊടിക്കു പിന്നില്‍ അണിനിരന്നതിന് കാരണം ഇതുതന്നെ. ബിജെപി നേതൃത്വം വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ, മതധ്രുവീകരണത്തിനാണ് ഇപ്പോള്‍ സിപിഎം തന്നെ വളംവച്ചു കൊടുത്തിരിക്കുന്നത്.

Related posts