മമ്മൂട്ടി ആരാധകര്‍ ക്ഷമിക്കുക, നിങ്ങള്‍ അന്വേഷിക്കുന്ന ആ കുട്ടപ്പായി ഞാനല്ല, അന്ന് തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു, ജോണിവാക്കറിലെ കുട്ടപ്പായിയെ അന്വേഷിച്ചവര്‍ വീണ്ടും നിരാശയില്‍

ചില സിനിമകളിലെ കഥാപാത്രങ്ങള്‍ ആരാധകരുടെ മനസില്‍ നിറഞ്ഞുനില്ക്കാറുണ്ട്. അത്തരമൊരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ജോണിവാക്കര്‍. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കുറെയായെങ്കിലും മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായിയായ കുട്ടപ്പായിയെന്ന റോളിലെത്തിയ കലാകാരനെ തേടുകയാണ് ആരാധകരിപ്പോള്‍. കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരനെ തേടിക്കൊണ്ടിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. അതുകൊണ്ട് തന്നെ കുട്ടപ്പായിയെ കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്.

അന്വേഷണത്തിനൊടുവില്‍ സുഭാഷ് എം എസ് മംഗലശ്ശേരി എന്ന ആളാണ് കുട്ടപ്പായി എന്ന് കണ്ടെത്തിയിരുന്നു. കുട്ടപ്പായി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുഭാഷ് എഴുതിയ ഒരു കമന്റാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ‘കുട്ടപ്പായി എവിടെയാണ്’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ സുഭാഷ് ‘ഞാനിപ്പോള്‍ സൗദിയില്‍ കാപ്പി കച്ചവടമാണ്’ എന്ന് കമന്റ് എഴുതി.

ഈ കമന്റ് കണ്ട് കുട്ടുപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുഭാഷ് ആണെന്നും, സുഭാഷ് ഇപ്പോള്‍ സൗദിയില്‍ ആണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തന്റെ കമന്റ് തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സുഭാഷ്. വെറുതെ ഒരു തമാശയുടെ പുറത്താണ് അത്തരമൊരു കമന്റ് എഴുതിയത് എന്നും, നിങ്ങള്‍ അന്വേഷിക്കുന്ന കുട്ടപ്പായി താനല്ല എന്നും സുഭാഷ് വ്യക്തമാക്കി. കുട്ടപ്പായിയുടെ ആരാധകര്‍ നിരാശയിലാണെങ്കിലും താരത്തെ കണ്ടെത്തുമെന്ന വാശിയിലാണ് സോഷ്യല്‍മീഡിയയിലെ ഡിക്ടറ്റീവുകള്‍.

Related posts