കൊച്ചി: സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരെ ഉള്‍പ്പെടുത്തി ആഡംബര ഹോട്ടലുകളില്‍ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ കെവിന് ബി. മാത്യുവിന്റെ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.
കെവിന് തായ്ലന്ഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകള്‍ മയക്കുമരുന്ന് വാങ്ങാനായിരുന്നോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കെവിന്റെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ വിളി വിവരങ്ങളും അന്വേഷിച്ചു വരികയാണ്.
അതേസമയം, സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കെവിന്റെ മുഖ്യ കൂട്ടാളിയായി ഒരു സ്ത്രീ കൂടി ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ തേടിയുള്ള അന്വേഷണത്തിനിടെയിലാണ് വ്യാഴാഴ്ച കെവിന്റെ മറ്റൊരു കൂട്ടാളിയായ പള്ളുരുത്തി സ്വദേശി പി.എം. ഷമീര്‍ അറസ്റ്റിലായത്. ഇവര്‍ മൂവരും ചേര്‍ന്നാണ് മയക്കുമരുന്ന് കച്ചവടും വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികളും നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന.
ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷക സംഘം സംശയിക്കുന്നു. ഷമീറിന്റെ സുഹൃത്ത് സിദ്ദിഖ് വഴിയാണ് കെവിന്റെ കൈയില്‍നിന്ന് രണ്ടുതവണയായി 50 ഗ്രാംവീതം എംഡിഎംഎ വാങ്ങിയത്. സിദ്ദിഖിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20 ലക്ഷം രൂപയുടെ മയക്കുമരുന്ന് കച്ചവടം
തൃക്കാക്കരയില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ ചെമ്പുമുക്ക് സ്വദേശി കെവിന് രണ്ട് വര്‍ഷത്തിനിടെ നടത്തിയത് 20 ലക്ഷം രൂപയുടെ മയക്കുമരുന്ന് കച്ചവടമാണെന്ന് കണ്ടെത്തിയിരുന്നു. തൃക്കാക്കര വാഴക്കാലയില്‍നിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായാണ് കെവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. മാര്‍ച്ച് 28ന് കടവന്ത്രയിലെ ആഡംബരഹോട്ടലില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേര്‍ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
