സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് പോലും ! നഷ്ടപ്പെട്ട 25 ലക്ഷം തിരിച്ചു പിടിക്കാനായി സമീപിച്ചത് ‘മോണിക്ക’ എന്ന ഹാക്കറെ; മോണിക്കയും അടിച്ചുമാറ്റി 12 ലക്ഷം; ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹമോചനത്തിനൊരുങ്ങി ഭാര്യ…

ഏതു പോലീസുകാരനും ഒരബദ്ധം പറ്റും…എന്നാല്‍ തുടര്‍ച്ചയായി അബദ്ധങ്ങള്‍ മാത്രം പറ്റുന്നവരെ എന്തു ചെയ്യണം. ഇത്തരത്തില്‍ തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹമോചനത്തിനൊരുങ്ങുകയാണ് ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതെന്ന് വിവരം.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശരാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചുതുടങ്ങി. കൂടുതല്‍ ശമ്പളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്.

കഴിഞ്ഞ ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ ഒരു കമ്പനിയില്‍ അവസരം ലഭിച്ചു. ഓണ്‍ലൈന്‍ വഴി അഭിമുഖങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കമ്പനി അധികൃതര്‍ 25 ലക്ഷം രൂപ യുവ എന്‍ജിനീയറോട് ആവശ്യപ്പെട്ടു. ജോലി സ്ഥിരതയ്ക്കാണ് ഇതെന്നായിരുന്നു കമ്പനിയുടെ ഭാക്ഷ്യം.

മികച്ച കമ്പനി,മികച്ച ശമ്പളം എന്നീ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയ യുവാവ് കൂടുതല്‍ ഒന്നും തിരക്കാതെ ഇതനുസരിച്ച് ഘട്ടംഘട്ടമായി പണം നല്‍കി. ഭാര്യയും അമ്മയും അറിയാതെ അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിക്കാര്യം സംബന്ധിച്ച മറ്റുവിവരങ്ങള്‍ ലഭ്യമാകാതിരുന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഈ സംഭവം എല്ലാവരുമറിഞ്ഞതിന് പിന്നാലെ എങ്ങനെയെങ്കിലും പണം തിരിച്ചുപിടിക്കാനായി യുവാവിന്റെ ശ്രമം. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും യുവാവ് വീണ്ടും മണ്ടത്തരം കാണിച്ചു. ചില ഹാക്കര്‍മാരെ ഉപയോഗിച്ച് തട്ടിപ്പുകാരെ കണ്ടെത്താനായി ശ്രമം തുടങ്ങി.

ഇതിനായി ഹാക്കര്‍മാരായ ഒരു സ്ത്രീയെയും മറ്റൊരു പുരുഷനെയും ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ടു. മോണിക്ക എന്ന പേരുള്ള ഹാക്കറുമായി കൂടുതല്‍ അടുപ്പത്തിലാവുകയും ചെയ്തു. 25 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച യുവാവ് ഇതിനായി മോണിക്കയ്ക്ക് 12 ലക്ഷം രൂപ നല്‍കുകയും ചെയ്തു.

ഈ പണവും പോയതോടെ ഇയാള്‍ ആകെ അസ്വസ്ഥനായി. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഭാര്യ കാര്യങ്ങള്‍ ചോദിക്കുകയും യുവാവ് എല്ലാം തുറന്നുപറയുകയുമായിരുന്നു. മോണിക്കയുമായി അടുത്തിടപഴകിയത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല.

മാത്രമല്ല, ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിട്ടും തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ബുദ്ധിശൂന്യതയും യുവതിയെ ചൊടിപ്പിച്ചു. ഇതിനുപിന്നാലെയാണ് വിവാഹമോചന ആവശ്യവുമായി ഇവര്‍ പരിഹാര്‍ കൗണ്‍സിലിനെ സമീപിച്ചത്.

Related posts

Leave a Comment