മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ലെങ്കിലും ഇതൊരു വല്ലാത്ത സംഭവമായിപ്പോയെന്ന് സോഷ്യൽ മീഡയ. മുംബൈയിൽ കല്യാണിലുള്ള ബാറിലാണു ഞെട്ടിക്കുന്ന സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും രൂക്ഷമായി പ്രതികരിച്ചു.
എന്നാൽ, യുവതി ചെയ്തത് തെറ്റാണെങ്കിലും അവരുടെ വീഡിയോ ഇത്തരത്തിൽ പരസ്യമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മാനസികപീഡനത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
