കാനഡയിലെ ആൽബർട്ടയിൽ വളർത്തുനായ്ക്കൊപ്പം രാവിലത്തെ നടത്തത്തിനിറങ്ങിയ യുവതി 180 കിലോഗ്രാം ഭാരമുള്ള കൂറ്റൻ ഗ്രിസ്ലി കരടിയുടെ പിടിയിൽ നിന്നും രക്ഷപെട്ടത് അത്ഭുതകരമായി. വനപാതയിലൂടെ തങ്ങളെ വേട്ടയാടാനെന്ന വണ്ണം പിന്തുടരുകയും പലതവണ ആക്രമിക്കാൻ ആഞ്ഞടുക്കുകയും ചെയ്ത കരടിയുടെ മുന്നിൽ അസാമാന്യമായ ആത്മസംയമനത്തോടെയാണ് യുവതി നിലകൊണ്ടത്. ഈ ഭയപ്പെടുത്തുന്ന നിമിഷങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കരളലിയിപ്പിക്കുന്ന രീതിയിൽ വൈറലായിരിക്കുകയാണ്.
ആൽബർട്ട ഫോറസ്ട്രി ആൻഡ് പാർക്ക്സ് വകുപ്പ് നൽകുന്ന വിവരമനുസരിച്ച്, മൗണ്ട് എംഗാഡിൻ ലോഡ്ജിന് സമീപമാണ് സംഭവം നടന്നത്. കയ്യിൽ ഒരു കപ്പ് കോഫിയുമായി തന്റെ വളർത്തുനായെയും കൂട്ടി നടക്കാനിറങ്ങിയതായിരുന്നു യുവതി. വൈറലായ 1 മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ, ഇവർ മുന്നോട്ട് നീങ്ങുമ്പോൾ തൊട്ടുപിന്നാലെ അക്രമണ സ്വഭാവത്തോടെ കരടി പിന്തുടരുന്നത് വ്യക്തമായി കാണാം.
കരടിയെ കണ്ട് വളർത്തുനായ് പലതവണ തിരിഞ്ഞുനിന്നു കുരച്ചെങ്കിലും, യുവതി പരിഭ്രാന്തയാകാതെ ഉറച്ച ശബ്ദത്തിൽ “വേണ്ട, ദൂരെ പോകൂ” എന്ന് കരടിയോട് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടയിൽ വേഗത കുറച്ച കരടി പെട്ടെന്ന് അതിവേഗത്തിൽ യുവതിക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുത്തു.
കരടി നേരെ നേരെ പാഞ്ഞടുത്തപ്പോഴും യുവതി ഉറക്കെ “വേണ്ട” എന്ന് നിലവിളിച്ചെങ്കിലും ഭയന്നോടാൻ ശ്രമിച്ചില്ല. യുവതി ഓടാതിരുന്നതാണ് കരടിയെ പെട്ടെന്ന് ആക്രമിക്കുന്നതിൽ നിന്നും തടഞ്ഞത്. ഒടുവിൽ ആക്രമണത്തിൽ നിന്നും പിന്മാറിയ കരടി തൊട്ടടുത്ത കാട്ടിലേക്ക് കയറി ഇവരെത്തന്നെ നിരീക്ഷിച്ചു നിന്നു. ഈ അവസരം മുതലെടുത്ത് യുവതി കാറുകൾ പാർക്ക് ചെയ്തിരുന്ന ട്രയലിന്റെ പ്രവേശന കവാടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് ആൽബർട്ട ഫോറസ്ട്രി ആൻഡ് പാർക്ക്സ് വകുപ്പ് മൗണ്ട് ഷാർക്ക് റോഡ്, റമ്മൽ ലേക്ക് ട്രയൽ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
