ന്യൂയോർക്ക്: മൻഹാട്ടനിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് റോഡരികിൽ കൂടി നടക്കുകയായിരുന്ന ഏഷ്യൻ വനിതകളോട് മാസ്ക് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടു തലയ്ക്ക് ചുറ്റിക കൊണ്ടു അടിച്ചു പരിക്കേൽപ്പിച്ച കറുത്തവർഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യൂയോർക്ക് പോലീസ് പൊതുജനത്തിന്റെ സഹായമഭ്യർഥിച്ചു.
മുപ്പത്തിനും ഇരുപത്തിയൊന്പതിനും വയസയുള്ള ഏഷ്യൻ വനിതകളാണ് ആക്രമിക്കപ്പെട്ടത്.
ഇവരെ പ്രതിയായ സ്ത്രീ ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ രണ്ടു വനിതകളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
50 വയസ് പ്രായമുള്ള ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച സ്ത്രീയെയാണ് ഈ കേസിൽ പോലീസ് തെരയുന്നത്. സംഭവം നടന്ന ഉടൻ തന്നെ ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഏഷ്യൻ വനിതകളെ പരിക്കേൽപ്പിച്ച സംഭവത്തിൽ വംശീയ ആക്രമണമായിട്ടാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് ഹെയ്റ്റ്് ക്രൈംസ് ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 18005778 477 എന്ന നനറിൽ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു
എഷ്യൻ വംശജർക്കുനേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണസംഭവങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്പോഴും അക്രമസംഭവങ്ങൾ വർധിച്ചുവരുന്നത് ആശങ്കയിലൂടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യക്കാർ കാണുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ