ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം ! ആര്‍ക്ക് എന്നു ചോദിച്ചാല്‍ തട്ടിപ്പുകാര്‍ക്ക്; എസ്എംഎസിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍…

കോവിഡ് കാലത്ത് വീട്ടിലിരുന്ന് വന്‍തുക വരുമാനം നേടാമെന്നു പറഞ്ഞുള്ള നിരവധി വാഗ്ദാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പറന്നു നടക്കുന്നത്.

ഇത്തരത്തിലുള്ള ഒരു വാഗ്ദാനത്തില്‍ വീണ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.33 ലക്ഷം രൂപ. പാര്‍ട്ട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്.

ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം.

വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസില്‍ കണ്ട നമ്പറില്‍ വിളിച്ച വീട്ടമ്മയോട് ആമസോണ്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനു സഹായിച്ചാല്‍ നല്ലൊരു കമ്മിഷന്‍ ലഭിക്കുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു.

തുടര്‍ന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോണ്‍ ഉല്‍പന്നം വാങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200 രൂപ കമ്മിഷന്‍ ആയി ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു.

തുടര്‍ന്ന് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥന്‍ വലിയ ടാസ്‌ക്കിനായി ടെലഗ്രാമില്‍ ബന്ധപ്പെടുമെന്ന് തട്ടിപ്പുകാരന്‍ അറിയിച്ചു. അടുത്ത ദിവസം 9 വ്യത്യസ്ത ഇ-വാലറ്റ് അക്കൗണ്ടുകളില്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ടു വീട്ടമ്മയ്ക്കു സന്ദേശം ലഭിച്ചു.

മുന്‍ അനുഭവം വെച്ച്. 4.04 ലക്ഷം രൂപ ലഭിക്കുമെന്ന് കരുതി വീട്ടമ്മ 2.33 ലക്ഷം അടച്ചു. എന്നാല്‍ പണമൊന്നും തിരികെ ലഭിക്കാതെ വന്നതോടെയാണ് സംഗതി തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതേത്തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Related posts

Leave a Comment