ആദ്യം മുങ്ങുന്നത് മാലി ! പിന്നാലെ ലണ്ടനെയും ന്യൂയോര്‍ക്കിനെയും ആംസ്റ്റര്‍ഡാമിനെയുമൊക്കെ സമുദ്രം വിഴുങ്ങും; ആഗോളതാപനത്തിന്റെ ഫലമായി 2050ല്‍ സംഭവിക്കാന്‍ പോകുന്നത് ഭീതിജനകമായ കാര്യം…

സ്വന്തം രാജ്യത്ത് ജീവിതം അസാധ്യമാകുമ്പോഴാണ് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം നടത്തുന്നത്. യുദ്ധവും ദാരിദ്ര്യവുമാണ് ഒട്ടുമിക്ക ആളുകളെയും അഭയാര്‍ഥികളാക്കുന്നതെങ്കില്‍ ഇനി ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അഭയാര്‍ഥി പ്രവാഹത്തിനായിരിക്കും. 2100 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ അഭയാര്‍ഥികളാകുമെന്നാണ് കണക്ക്. സമുദ്രജലനിരപ്പ് 2-2.7 വരെ ഉയരുകയും ചെയ്യും. മാല ദ്വീപായിരിക്കും ആദ്യം മുങ്ങുക. പിന്നാലെ ലണ്ടനും ന്യൂയോര്‍ക്കും ആംസ്റ്റര്‍ഡാമുമുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളും മുങ്ങും. ആലപ്പുഴ പോലെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയും ഈ പ്രതിഭാസം ഗുരുതരമായി ബാധിക്കും.

2070 ഓടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലദ്വീപ് അപ്പാടെ മുങ്ങുമെന്ന വിവരമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. 2010ല്‍ കോപ്പന്‍ഹേഗനില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോള്‍, അവരോട് അഭ്യര്‍ത്ഥിക്കാനായി മാലി കാബിനറ്റ് ചേര്‍ന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടര്‍ വാട്ടറില്‍ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേര്‍ന്നത്. ഇത് ലൈവായി ടെലികാസ്റ്റ് ചെയ്തു. ‘ലോകം അറിയണം. ഞങ്ങള്‍ മുങ്ങുന്ന ജനതയാണ്. ഈ രാജ്യം ഇതാ മുങ്ങാന്‍ പോവുന്നു. രക്ഷിക്കണേ’ എന്ന വലിയ സന്ദേശമാണ് മാലി അന്ന് നല്‍കിയത്.

ഇതു മുന്‍കൂട്ടിക്കണ്ട് മാലദ്വീപിലെ സമ്പന്നര്‍ ഓസ്‌ട്രേലിയയിലും ഇന്ത്യയിലും അടക്കം വ്യാപകമായി സ്ഥലം വാങ്ങിക്കുകയാണ്. എന്നാല്‍ പാവപ്പെട്ടവര്‍ എന്തു ചെയ്യുമെന്നാണ് ചോദ്യം. ശരാശരി മൂന്നടിയാണ് മാലിയുടെ ഉയരം. അവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലം പോലും രണ്ടര മീറ്റര്‍ മാത്രമാണുള്ളത്. പവിഴപ്പുറ്റുകള്‍ ചേര്‍ന്ന് രൂപപ്പെട്ട ഈ കൊച്ചു ദ്വീപിന് ഉയരുന്ന കടല്‍ ജലത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം കുറച്ചുകൊണ്ട് തങ്ങളെ രക്ഷിക്കൂവെന്നാണ് മാലി ലോകത്തോട് കേഴുന്നത്. പക്ഷേ മാലിയുടെ നിലവിളി പക്ഷേ ലോകം വേണ്ട രീതയില്‍ ഉള്‍ക്കൊണ്ടിട്ടില്ല.

2050 ആകുമ്പോള്‍ ബംഗ്ലാദേശിന്റെ 20 ശതമാനം കടലിനടിയിലാകുമെന്നാണ് വിവരം. 20 ശതമാനം കര വെള്ളത്തില്‍ പോവുമ്പോള്‍ അവര്‍ എങ്ങോട്ടുപോവുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. മൂന്നുമുതല്‍ അഞ്ചു കോടി ജനങ്ങളാണ് ബംഗ്ലാദേശില്‍ ഇങ്ങനെ അഭയാര്‍ഥികള്‍ ആവുക. ഇവിടെയാണ് ഇന്ത്യക്കുള്ള യാഥാര്‍ഥ ഭീഷണിയെന്ന് അമൃത്യസെന്നിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2050-2070 കാലഘട്ടത്തില്‍ ബംഗ്ലാദേശില്‍നിന്നും വരുന്ന അഞ്ചുകോടിയോളം പേരുടെ അഭയാര്‍ഥി പ്രവാഹത്തില്‍ വലിയൊരു പങ്കും നേരിടേണ്ടി വരിക ഇന്ത്യയായിരിക്കുമെന്ന് സെന്‍ വിലയിരുത്തുന്നു.

ഒഴുകുന്ന ഐസ്‌കട്ടയെന്നാണ് ഗ്രീന്‍ലന്‍ഡിനെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ ഗ്രീന്‍ലന്‍ഡ് എന്ന ദ്വീപ് നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ശാസ്ത്രലോകം ഉന്നയിക്കുന്നത്. ആര്‍ട്ടിക് അന്റാര്‍ട്ടിക് ധ്രുവപ്രദേശങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഗ്രീന്‍ലന്‍ഡ്. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ ഭീഷണി നേരിടുകയാണെന്നത് പുതിയ അറിവല്ല. ആഗോളതാപനം ശക്തമായപ്പോള്‍ മുതല്‍ ആദ്യ ആഘാതമേറ്റുവാങ്ങിയ പ്രദേശമാണ് ഗ്രീന്‍ലന്‍ഡ്. 2012 ല്‍ ഉണ്ടായ റെക്കോഡ് താപനിലയും അതേ തുടര്‍ന്നുണ്ടായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുരുകലും നേരിട്ടപ്പോള്‍ മുതല്‍ ഗ്രീന്‍ലന്‍ഡ് അക്ഷരാര്‍ഥത്തില്‍ ഉരുകി ഒലിക്കുകയാണ്.

ലോകത്തെ മുക്കിക്കൊല്ലുന്ന ആഗോള താപനത്തെനെതിരെ കിണഞ്ഞ് പരിശ്രമിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും. അതിനുള്ള നടപടികളാണ് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍സര്‍ജ്ജനം നിയന്ത്രിക്കുകയും. അതിനായി പെട്രാളിയം ഉല്‍പ്പന്നങ്ങളുടെ അടക്കം ഉപഭോഗം കുറക്കുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയാണ,് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചെയ്തത്. ചൈനയെ വളര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.

വികസ്വര രാജ്യങ്ങള്‍ക്ക് പറയത്തക്ക യാതൊരു വിലക്കും പാരീസ് ഉച്ചകോടി ഏര്‍പ്പെടുത്തിയിട്ടില്ല. അത് അവരുടെ വികസനത്തെ ബാധിക്കും എന്നതിനാലാണ്. 20 ശതമാനം രാജ്യം മുങ്ങാന്‍ പോകുന്ന ബംഗ്ലാദേശിന് പറയത്തക്ക വിലക്കുകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. വികസിത രാജ്യങ്ങള്‍ നഷ്ടം സഹിച്ചും, ഈ ദുരന്തത്തെ നേരിടണം എന്ന ഉദാത്തമായ ആശയമായിരുന്നു അത് മുന്നോട്ട് വെച്ചത്. എന്നാല്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉന്നയിച്ച് അത് തകര്‍ക്കയാണ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍. വരും നാളുകളെ കരുതലോടെ സമീപിച്ചില്ലെങ്കില്‍ ഒരു പക്ഷെ കണക്കുകൂട്ടുന്നതിനും വലിയ ദുരന്തത്തെയാകും ലോകത്തിന് അഭിമുഖീകരിക്കേണ്ടി വരിക.

Related posts