ആയിരക്കണക്കിന് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സിംഹങ്ങള്‍ തിരിച്ചു വരുന്നു. ഞെട്ടണ്ട, 12000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സിംഹങ്ങളുടെ ഫോസില്‍ യൂകുറ്റിന് അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയതോടെയാണ് ഇതിനു വഴിതെളിഞ്ഞത്.
സൈബീരിയന്‍ പ്രദേശത്തുള്ള ഒരു ഗുഹയില്‍ നിന്നും തണുത്തുറഞ്ഞ നിലയിലാണ് രണ്ടു സിംഹക്കുട്ടികളുടെ മൃതദേഹം ശാസ്ത്രസംഘത്തിനു ലഭിച്ചത്. സിംഹക്കുട്ടികളുടെ ശരീരത്തിലെ മൃദുരോമങ്ങള്‍, താടിരോമം,ചെവി ശരീരകലകള്‍ എന്നിവയ്ക്ക് നാശം സംഭവിച്ചിട്ടില്ലെന്നു ഗവേഷണത്തിനു നേതൃത്വം നല്കിയ ഡോ.ആല്‍ബര്‍ട്ട് പ്രോട്ടോപോപോവ് പറയുന്നു. സിംഹങ്ങളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയ വെളുത്ത ദ്രവം മുലപ്പാലാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു മൃതശരീരങ്ങളില്‍ ഒന്ന് തുടര്‍ന്നുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി കരുതി വയ്ക്കാനും രണ്ടാമത്തേത് പോസ്റ്റുമോര്‍ട്ടം ചെയ്യാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ക്ലോണിംഗിലൂടെ ഇത്തരം സിംഹങ്ങളെ പുനര്‍ സൃഷ്ടിക്കാനും ആലോചനയുണ്ട്. ഈ രംഗത്തെ വിദഗ്ധനായ ദക്ഷിണകൊറിയന്‍ ശാസ്ത്രജ്ഞന് ഹ്വാങ് വൂ-സുകിന്റെ നേതൃത്വത്തിലാണ് സിംഹങ്ങളെ ക്ലോണിംഗിലൂടെ പുനസൃഷ്ടിക്കുക.
ഇന്നത്തെ സിംഹക്കുട്ടികളെ അപേക്ഷിച്ച് വളരെ ചെറുതാണ് ലഭിച്ചവ. ഒന്നോ രണ്ടോ ആഴ്ചമാത്രമായിരിക്കും പ്രായം. ശത്രുക്കളില്‍ നിന്നു രക്ഷപെടാനായിരിക്കും ഇവ ഗുഹയില്‍ കയറിയതെന്നും ഡോ.ആല്‍ബര്‍ട്ട് അഭിപ്രായപ്പെടുന്നു.
രണ്ടു സിംഹക്കുട്ടികളുടേയും കണ്ണുപോലും കീറിയിട്ടില്ലെന്നു മാത്രമല്ല പല്ലുകളെല്ലാം മുളച്ചിട്ടുമില്ല.എന്തായാലും മൃതദേഹം കീറി പരിശോധിക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രത്യാശയിലാണ് ശാസ്ത്രലോകം.
