കോട്ടയം: റബര്‍ വില കിലോയ്ക്ക് 250 രൂപയായി ഉയര്‍ത്തുമെന്ന എല്‍ഡിഎഫിന്റെ 2021ലെ തെരഞ്ഞെടുപ്പ് പത്രികയിലെ ഉറപ്പ് നനഞ്ഞ പടക്കമായി. സര്‍ക്കാരിന്റെ അവസാന ബജറ്റിലും വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നതോടെ കര്‍ഷകർക്കു സര്ക്കാരിൻമേലുള്ള വിശ്വാസ്യത നഷ്ടമായി. തദ്ദേശ ഇലക്ഷനു തൊട്ടുമുന്‍പ് വില 200 രൂപയായി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചില്ല. നിലവില്‍ വിപണി വില 200ല്‍ എത്തിയതോടെ ഇനി സബ്സിഡി നല്‍കുകയും വേണ്ട.
കഴിഞ്ഞ അഞ്ച് ബജറ്റുകളിലുമായി 2,700 കോടി രൂപ റബര്‍ സബ്സിഡി പദ്ധതിയില്‍ വകയിരുത്തിയതില്‍ ആകെ 80 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്കേണ്ടിവന്നിട്ടുള്ളൂ. 2,620 കോടി രൂപയും ലാപ്സായി. പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണകാലത്ത് പത്തു വര്‍ഷത്തെ റബര്‍ ശരാശരി വില 150 രൂപ മാത്രമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയിലെ 250 രൂപ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിരുന്നെങ്കില്‍ ഒരോ കിലോ റബറിനും കര്‍ഷര്‍ക്ക് 100 രൂപ വീതം സബ്സിഡി ലഭിക്കേണ്ടതായിരുന്നു. അതായത് ആയിരം കിലോ റബറിന് ഒരു ലക്ഷം രൂപ നഷ്ടം.രണ്ടു തവണ താങ്ങുവില വര്‍ധന വരുത്തിയെങ്കിലും സര്‍ക്കാരിന് കാര്യമായ തുക കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കേണ്ടിവന്നില്ല. ഉത്പാദനം കുറഞ്ഞ് ഇക്കൊല്ലത്തെ ടാപ്പിംഗ് നിറുത്തിക്കൊണ്ടിരിക്കെയാണ് ഈ മാസം വില 200ല്‍ എത്തിയത്.
വില ഉയര്‍ന്നതില്‍ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. ലാറ്റക്സിനും ഒട്ടുപാലിനും മെച്ചപ്പെട്ട വില സബ്സിഡി നല്കാന് ഉതകുന്ന തുക ബജറ്റില്‍ വകയിരുത്തിയിട്ടും കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ല. ആറു മാസം വരെ വൈകിയാണു കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ക്ക് സബ്സിഡി തുക സര്‍ക്കാര്‍ വിതരണം ചെയ്തത്.
