ചാലക്കുടി: നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പദ്ധതിവിഹിതം 50 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിലും ഇതു സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ അവതരിപ്പിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി. പദ്ധതി തുക നഷ്ടപ്പെട്ടത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ 16 അംഗങ്ങള്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പനും ഷിബു വാലപ്പനും പദ്ധതി വിഹിതം എത്ര നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ചെയര്പേഴ്സന് ഉഷ പരമേശ്വരന് സെക്രട്ടറിയുടെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്നാല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതും ചോദ്യങ്ങള്‍ക്കുള്ള മറുപടിയല്ല റിപ്പോര്‍ട്ടിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 50 ലക്ഷം രൂപ ലാപ്സായിയെന്നത് റിപ്പോര്‍ട്ടില്‍ മറച്ച് വച്ചിരിക്കയാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് യു.വി.മാര്ട്ടിന് പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടി.
പുതിയ സര്‍ക്കാരിന്റെ നയം മൂലം മുന്‍ വര്‍ഷം പൂര്‍ത്തീകരിക്കാത്ത പണികളുടെ തുക അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ കഴിയാത്തതാണ് കാരണമെന്നും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് വര്‍ക്കുകള്‍ ചെയ്യാമെന്നും യു.വി.മാര്ട്ടിന് വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷാംഗം ഷിബു വാലപ്പന് പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അക്കമിട്ട് നിരത്തി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും ഉദ്യോഗസ്ഥന്മാരുടെയും കെടുകാര്യസ്ഥതയാണ് നഗരസഭക്ക് 50 ലക്ഷം നഷ്ടപ്പെടാനിടയായതെന്നും പൂര്‍ത്തീകരിച്ച വര്‍ക്കുകളുടെ ബില്‍ എഴുതാത്തതിന്റെ പേരില്‍ മാത്രം വകയിരുത്തിയ തുക നഷ്ടപ്പെട്ടുവെന്ന് ഉദാഹരണങ്ങള്‍ നിരത്തി ഷിബു ആരോപിച്ചു.
ഇലക്ഷന് പെരുമാറ്റ ചട്ടം വന്നതു മൂലം ആശുപത്രി ലേബര്‍ റൂമിന്റെ 30 ലക്ഷം രൂപയുടെ പണിപൂര്‍ത്തീകരിക്കാന്‍ കഴിയാത്തതു സര്‍ക്കാര്‍ നയവും മൂലമാണ് അപാകതകള്‍ സംഭവിച്ചതെന്ന് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. വൈസ് ചെയര്മാന് വിന്‍സന്റ് പാണാട്ടുപറമ്പില്‍ ഫണ്ട് ലാപ്സായി പോയിട്ടുണ്ടെന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. എന്നാല്‍ കേരളത്തിലെ മറ്റു നഗരസഭകളിലും ഫണ്ട് ലാപ്സായി പോയിട്ടുണ്ടെന്നും അവിടെയൊന്നും പ്രതിപക്ഷം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നം ഇവിടെ പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ച മുടന്തന്‍ ന്യായം പറഞ്ഞ് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.വി.പോള്‍ ആരോപിച്ചു. ഫണ്ട് നഷ്ടപ്പെടാനിടയായത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടമായി പരിശോധിച്ച് അപാകതകള്‍ പരിഹരിക്കണമെന്ന് ഭരണകക്ഷി ലീഡര്‍ പി.എം.ശ്രീധരന് സമവായത്തില്‍ എത്തിക്കാന്‍ ശ്രമിച്ചു. പ്രതിപക്ഷം ശാന്തമായെങ്കിലും സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പദ്ധതി തുക നഷ്ടമായ വിവരം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ ചെയര്പേഴ്സന് ഈ ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങി പോകുകയാണ് ഉണ്ടായത്. അഡ്വ. ബിജു ചിറയത്ത്, ജിയോ കിഴക്കുംതല, മേരി നളന്, ജോയി ചാമവളപ്പില്‍, ആലീസ് ഷിബു, വി.സി.ഗണേശന്, വി.ജെ.ജോജി, സുലേഖ ശങ്കരന്, സുസമ്മ ആന്റ ണി, സരള നീലങ്കാട്ടില്‍, റീന ഡേവിസ്, സുമ ബൈജു, എം.ഐ. ജോസ്, ആനി പോള്‍, ബീന ഡേവിസ്, ബിന്ദു ശശികുമാര്‍, ലൈജി തോമസ്, ഗീത ടീച്ചര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
