82കാരനായ ഭര്‍ത്താവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡ് സൃഷ്ടിച്ച 74കാരി മങ്കയമ്മ ഐസിയുവിലും; ലോകം കണ്‍കുളിര്‍ക്കെ കണ്ട ഇരട്ടക്കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയില്‍…

74-ാം വയസ്സില്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റിക്കാര്‍ഡിട്ട 74കാരി എരമാട്ടി മങ്കയമ്മ സ്ട്രോക്ക് വന്ന് ഐസിയുവിലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സെപ്്റ്റംബര്‍ അഞ്ചിനായിരുന്നു ഇവര്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇവരുടെ ഭര്‍ത്താവും 82കാരനുമായ രാജാ റാവുവും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഐസിയുവിലാണ്. ഈ ആന്ധ്രക്കാരിയും ഭര്‍ത്താവും ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ ആശങ്കയിലാകുന്നത് ഇരട്ട പൊടിക്കുഞ്ഞുങ്ങളുടെ ഭാവിയാണ്.ഐവിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് ഈ 74 കാരി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയത് വൈദ്യശാസ്ത്രത്തിലെ മിറാക്കിള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

വിവാഹം കഴിഞ്ഞ് 57 വര്‍ഷമായിട്ടും ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ ഐവിഎഫ് പരീക്ഷിച്ചിരുന്നത്. ഒരു ഡോണറില്‍ നിന്നും അണ്ഡം സ്വീകരിച്ച മങ്കയമ്മ ഭര്‍ത്താവിന്റെ ബീജത്താല്‍ തന്നെയാണ് ഫെര്‍ട്ടിലൈസ് ചെയ്യപ്പെട്ടത്. ഐവിഎഫിന്റെ ആദ്യ സൈക്കിള്‍ തന്നെ വിജയകരമായിരുന്നു. ഇവരുടെ സ്ഥിതി സ്ഥിരമായി കാര്‍ഡിയോളജിസ്സ്റ്റുകളാലും ഗൈനക്കോളജിസ്റ്റുകളാലും ന്യൂട്രിയണിസ്റ്റിനാലും നിരീക്ഷിക്കുന്നതിനായി ജനുവരിയില്‍ തന്നെ മങ്കയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്നാണ് സിസേറിയനിലൂടെ ഈ മാസം ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുത്തിരുന്നത്.

ഏറ്റവും കൂടിയ പ്രായത്തില്‍ അമ്മയായെന്ന റെക്കോര്‍ഡ് ഇതിന് മുമ്പ് 2006 ല്‍ 66ാം വയസ്സില്‍ ഇരട്ടകള്‍ക്കു ജന്മം നല്‍കിയ സ്പെയിന്‍കാരി മരിയ ഡെല്‍ കാര്‍മന്റെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 74ാം വയസില്‍ അമ്മയായതോടെ മങ്കയമ്മ അത് ഭേദിക്കുകയായിരുന്നു.ജനുവരിയില്‍ ഗര്‍ഭം ധരിച്ച മങ്കയമ്മ 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ആന്ധ്രയില്‍ ഗര്‍ഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു മങ്കയമ്മയ്ക്ക് നടത്തിയിരുന്നത്. പ്രമേഹം, രക്താതിമര്‍ദം ഉള്‍പ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ആശ്വാസം പൂണ്ടിരിക്കെയാണ് മങ്കയമ്മയ്ക്ക് സ്‌ട്രോക്ക് വന്നത്.

74ാം വയസില്‍ മങ്കയമ്മ അമ്മയായിത്തീര്‍ന്നത് വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമായി കണക്കാക്കാമെന്ന് പ്രസവത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഉമാശങ്കര്‍ അന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരമൊരു പ്രസവത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതില്‍ തനിക്കേറെ സംതൃപ്തിയുണ്ടെന്നും അവര്‍ പ്രതികരിച്ചിരുന്നു. പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മങ്കയമ്മ സ്‌ട്രോക്ക് വന്ന് ഐസിയുവിലായിരിക്കുന്നത്.

തന്നെ പോലെ പ്രായമായവര്‍ക്ക് ഐവിഎഫ് ഫലപ്രദമാകുമോയെന്ന ആശങ്ക മൂലമായിരുന്നു മങ്കയമ്മ ഇത്രയും കാലം ഇതിന് മുതിരാതിരുന്നത്. എന്നാല്‍ തന്റെ അയല്‍വാസിയായ 55 കാരിക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ കുട്ടിയുണ്ടായതിനെ തുടര്‍ന്നാണ് മങ്കയമ്മ ഡോ. അരുണയെ ഈ ആവശ്യമുന്നയിച്ച് സമീപിച്ചിരുന്നത്.കാത്ത് കാത്തിരുന്ന് ഒരു കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു മങ്കയമ്മ ഐവിഎഫ് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കുട്ടികള്‍ പിറന്നതില്‍ ആഹ്ലാദിക്കുന്നതിനിടയിലാണ് ഇവര്‍ ഐസിയുവിലായിരിക്കുന്നത്.

1962 ലാണ് രാജറാവു മങ്കയമ്മയെ വിവാഹം ചെയ്യുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും തങ്ങള്‍ക്ക് കുഞ്ഞുണ്ടാവാന്‍ സാധ്യതയില്ലെന്ന് ഇവര്‍ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നിരവധി ആശുപത്രികളിലും അമ്പലങ്ങളിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് തനിക്ക് പിറക്കാതിരുന്നതായിരുന്നു ഇത്രയും വര്‍ഷക്കാലം അനുഭവിച്ച ഏറ്റവും വലിയ സങ്കടമെന്ന് മങ്കയമ്മ പരിതപിച്ചിരുന്നു. വന്ധ്യയായ സ്ത്രീയെന്ന നിലയില്‍ തനിക്ക് കുടുംബസദസുകളിലും സമൂഹത്തിലും കനത്ത അവഗണനയും പരിഹാസവും നേരിടേണ്ടി വന്നിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഡോക്ടര്‍മാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്താല്‍ തനിക്ക് ഈ പ്രായത്തിലും അച്ഛനാകാന്‍ സാധിച്ചുവെന്നും ഇത് അഭിമാനാര്‍ഹമാണെന്നുമായിരുന്നു രാജറാവു സന്തോഷപ്രകടനം നടത്തിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ഹൃദയാഘാതമുണ്ടായി ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. നിലവില്‍ ഐസിയുവില്‍ കഴിയുന്ന റാവുവിനും ഭാര്യ മങ്കയമ്മയ്ക്കും ഏത് നിമിഷവും എന്തും സംഭവിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുന്നതിനോട് അടുപ്പിച്ചുള്ള മൂന്ന് മണിക്കൂറിനിടെ മങ്കയമ്മ അനുഭവിച്ച സമ്മര്‍ദം കാരണമാണ് ഇവര്‍ക്ക് സ്ട്രോക്കുണ്ടായതെന്നാണ് അവരെ ചികിത്സിക്കുന്ന ഡോ. സനകയ്യാല ഉമാശങ്കര്‍ വിശദീകരിച്ചിരിക്കുന്നത്.

ഇവര്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ കുട്ടികളുണ്ടായ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികില്‍സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദമാണ് അവര്‍ ഉന്നയിച്ചത്.

പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടര്‍ ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

ഗര്‍ഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍ കുത്തിവെയ്ക്കുന്ന ഹോര്‍മോണ്‍ ഇന്‍ജക്ഷനുകള്‍ ഗര്‍ഭപാത്രത്തെ കട്ടിയാക്കുന്നു. ഇത് വാര്‍ധക്യമായവരില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. മങ്കയമ്മ ഈ സങ്കീര്‍ണ്ണ ചികിത്സ അതിജീവിച്ചത് ഭാഗ്യം കൊണ്ടാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി റഗുലേഷന്‍ ബില്ല് (2015-16) അനുസരിച്ച് 52 വയസ് വരെ മാത്രമേ ഐവിഎഫ് ചെയ്യാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ഡോക്ടര്‍മാരുടെ നിഗമനങ്ങള്‍ ശരിവയ്ക്കും വിധമാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങള്‍.

Related posts