74-ാം വയസ്സിലെ കൃത്രിമ ഗര്‍ഭധാരണം ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ഡോക്ടര്‍മാര്‍ ! മങ്കയമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ ഇങ്ങനെ…

കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടി. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികില്‍സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍.

പ്രായം കൂടുന്നതിന് അനുസരിച്ച് പ്രസവത്തിലും ഗര്‍ഭധാരണത്തിലും സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടര്‍ ജയദീപ് മല്‍ഹോത്ര ആരോപിച്ചത്. 42 വയസുവരെയാണ് ഒരു സ്ത്രീയില്‍ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആര്‍ത്തവവിരാമം സംഭവിക്കുന്നു. 74 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ അണ്ഡോത്പാദനം നടത്തി, അണ്ഡം പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി നിക്ഷേപിക്കുന്നത് ഹൃദയാഘാതമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ഗര്‍ഭധാരണ സമയത്തും കടുത്ത രക്തസ്രാവത്തിനുള്ള സാധ്യതയും കൂടുതലാണ്. രോഗിയില്‍ കുത്തിവെയ്ക്കുന്ന ഹോര്‍മോണ്‍ ഇന്‍ജക്ഷനുകള്‍ ഗര്‍ഭപാത്രത്തെ കട്ടിയാക്കുന്നു. ഇത് വാര്‍ധക്യമായവരില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. മങ്കയമ്മ ഈ സങ്കീര്‍ണ്ണ ചികിത്സ അതിജീവിച്ചത് ഭാഗ്യം കൊണ്ടാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി റഗുലേഷന്‍ ബില്ല് (2015-16) അനുസരിച്ച് 52 വയസ് വരെ മാത്രമേ ഐവിഎഫ് ചെയ്യാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് 56 വര്‍ഷത്തിനു ശേഷമാണ് മങ്കയമ്മ- രാജാറാവു ദമ്പതികളെത്തേടി ഇരട്ട സൗഭാഗ്യമെത്തിയത്. ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു. 55 വയസ്സുകാരിയായ അയല്‍ക്കാരിക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ, ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്. ജനുവരിയില്‍ ഗര്‍ഭം ധരിച്ച മങ്കയമ്മ 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും. സംഭവം ഇതിനോടകം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വന്‍ വാര്‍ത്തയായിരുന്നു.

Related posts