കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബോംബാക്രമണം തുടരുന്നു. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. രണ്ടുമണിക്കൂര്‍ വ്യത്യാസത്തിലാണ് വീടുകള്‍ക്കുനേരെ ബോംബേറുണ്ടായത്.
സിപിഎം നേതാവും നഗരസഭാ വിദ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ കുറുവങ്ങാടുള്ള വസതിക്കുനേരെയാണ് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ തകര്‍ന്നു.കൊയിലാണ്ടി പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.
ഇതിനു തിരിച്ചടിയെന്നോണം പുലര്‍ച്ചെ അഞ്ചിന് ബിജെപി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റെ വീടിനുനേരെയും സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലം വിയ്യൂരില്‍ ബിജെപി. പ്രവര്‍ത്തകനായ കൊയിലേരി അതുലിന്റെ വീടിനു നേരെ ബോംബെറിഞ്ഞിരുന്നു.