കോഴിക്കോട്: മതിയായ യാത്രാരേഖകളില്ലാതെ നഗരത്തിൽ കഴിയുകയും സ്പാ സെന്റുറുകളിൽ ജോലി ചെയ്യുകയും ചെയ്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരെ നടക്കാവ് പൊലിസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടി. ഗോവിന്ദപുരം സ്വകാര്യ ആശുപത്രിക്കുസമീപത്തെ യാസീൻ എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
റോഷ്നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോൺ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ സ്ത്രീകളായ റോഷ്നാരയും പാപ്പിയയും കോഴിക്കോട്ടെ വിവിധ സ്പാ സെന്ററുകളിൽ ജോലി ചെയ്തുവരികയായിരുന്നു.
നഗരത്തിൽ വിദേശികൾ തമ്മിൽ അടുത്തിടെയുണ്ടായ തർക്കത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പാസ്പോർട്ട്, വീസ തുടങ്ങിയ ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ ഇമിഗ്രേഷൻ ആൻഡ് ഫോറിൻ ആക്ട് പ്രകാരം മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തു. നടക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
