പ്രശ്‌നം എന്തുമാകട്ടെ ധൈര്യമായി പറയാം: കുട്ടികളോട് പോലീസ്

klm-policeഎരുമേലി: സ്കൂളിലും പുറത്തും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്ന് കുട്ടികളോട് പോലീസ്. ഇതിനായി സ്കൂളുകളില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് എരുമേലി എസ്‌ഐ ജര്‍ലിന്‍ വി. സ്കറിയ അറിയിച്ചു. ഗ്രൂപ്പില്‍ സേഫ്റ്റി ഓഫീസറുടെ ചുമതല അധ്യാപക പ്രതിനിധിക്കാണ്. വാര്‍ഡംഗവും അധ്യാപക, രക്ഷാകര്‍തൃ, വിദ്യാര്‍ഥി പ്രതിനിധികളുമാണ് അംഗങ്ങള്‍.

പോലീസിനെ നേരിട്ടറിയിക്കാന്‍ ഭയമുണെ്ടങ്കില്‍ സേഫ്റ്റി ഓഫീസറുമായോ വിദ്യാര്‍ഥി പ്രതിനിധിയുമായോ ബന്ധപ്പെട്ട് കുട്ടികള്‍ക്ക് വിവരം നല്‍കാം. പോലീസുമായി ബന്ധപ്പെടുന്നതിന് കുട്ടികള്‍ ആശങ്കപ്പെടേണ്ടതില്ല.

കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനും പിടികൂടാനും ഗ്രൂപ്പിന്റെ നിരീക്ഷണമുണ്ടാകും. വിദ്യാര്‍ഥികള്‍ സ്കൂളിലെത്താതിരുന്നാല്‍ രക്ഷാകര്‍ത്താക്കളുമായി ബന്ധപ്പെട്ട് ഓരോ സ്കൂളിലെയും സേഫ്റ്റി ഓഫീസര്‍ വിവരം തിരക്കിയറിയണം. ഗ്രൂപ്പുകളുടെ യോഗങ്ങള്‍ ഉടന്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related posts