എസി റോഡിലെ കുഴികള്‍ ദിനംപ്രതി വലുതാകുന്നു: കണ്ണടച്ച് കരാറുകാര്‍

pkd-roadkuzhiആലപ്പുഴ: മഴക്കാലത്ത്  എസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ ദിനംപ്രതി വലുതാകുന്നു. അറ്റകുറ്റപണികള്‍ നടത്തേണ്ട കരാറുകാര്‍ മാത്രം ഇത് കാണുന്നില്ല. കൃത്യമായ അറ്റകുറ്റപണി നടത്താത്തതിനാല്‍ ചെറിയ കുഴികള്‍ പലതും ഇതിനോടകം വലിയ ഗര്‍ത്തങ്ങളായി മാറിക്കഴിഞ്ഞു. കൈനകരി ജംഗ്ഷന്‍, പണ്ടാരക്കളം, പൂപ്പള്ളി, രാമങ്കരി, ടൈറ്റാനിക് പാലത്തിന് സമീപം, കിടങ്ങറ എന്നിവിടങ്ങളിലൊക്കെ റോഡിന്റെ മേല്‍ഭാഗം ഇളകിരൂപപ്പെട്ട കുഴികള്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. വേനല്‍ മഴ ആരംഭിച്ചപ്പോള്‍ തന്നെ ടാറിംഗ് ഇളകിയ ഇവിടെ മഴക്കാലമെത്തിയതോടെ കുഴികള്‍ വെള്ളത്താല്‍ നിറഞ്ഞിരുന്നു.

ഭാരമേറിയ വാഹനങ്ങള്‍ നിരന്തരമായി സഞ്ചരിക്കുന്ന റോഡില്‍ ചെറിയ കുഴികളുടെ അരുകുകള്‍ ഇടിഞ്ഞ് വലിയ കുഴികളായി മാറുകയായിരുന്നു. കുഴികളില്‍ നിന്ന് ഇളകിതെറിച്ച ബേബി മെറ്റല്‍ റോഡിന് മുകളില്‍ പരന്നുകിടക്കുന്നത് വാഹനങ്ങള്‍ക്ക് വലിയ അപകടഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്. ബ്രേക്ക് ചെയ്യുന്ന വാഹനങ്ങള്‍ നില്ക്കാതെ മുന്നോട്ടു ഇത്തരം സ്ഥലങ്ങളില്‍ നീങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.കുഴി ഒഴിവാക്കാനായി വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ തട്ടിയും അപകടങ്ങളുണ്ടാകുന്നുണ്ട്.

ദേശീയപാതയിലടക്കമുള്ള പ്രധാന റോഡുകളിലെ കുഴികളടക്കാന്‍ വകുപ്പു മന്ത്രി നിര്‍ദേശം നല്കിയതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചപ്പോഴും എസി റോഡില്‍ ഇത് നടപ്പായിട്ടില്ല. റോഡ് നിര്‍മിച്ച കമ്പനിയുമായുള്ള കരാറുള്ളതിനാല്‍ അറ്റകുറ്റപണികള്‍ നടത്തേണ്ട ചുമതല ഇവര്‍ക്കായതിനാല്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാനും കഴിയില്ല. കുഴികള്‍ വര്‍ധിക്കുമ്പോഴും അറ്റകുറ്റപണി നടത്തേണ്ട കരാറുകാര്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

Related posts