കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന് 2016-17 ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഡോ. എന്‍. ജയരാജ് എംഎല്‍എ നിവേദനം നല്കി. ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന കിഴക്കന്‍ പ്രദേശത്തിന്റെ കവാടമായ കാഞ്ഞിരപ്പള്ളിക്ക് പരിഹാരമായി ബൈപാസ് പദ്ധതി 2008 മുതല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബൈപാസിനായി പിഡബ്ല്യുഡി പ്ലാനും എസ്റ്റിമേറ്റും ഈ കാലയളവില്‍ നല്‍കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍, ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി നല്കിയതുമൂലം ഭൂമി ഏറ്റെടുക്കല്‍ തടസപ്പെട്ടു. കാഞ്ഞിരപ്പള്ളി വില്ലേജിലെ 23 സര്‍വേ നമ്പരുകളില്‍പ്പെട്ട 7.62 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് ആവശ്യമായിട്ടുള്ളത്.
2016 ജനുവരി ആറിന് സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഈ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. നിലവിലുള്ള കേന്ദ്ര നിയമമനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടിവരുന്ന തുക ഏറ്റെടുക്കുന്ന അഥോറിറ്റിയുടെ കൈവശമുണ്ടായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. 20 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിരുന്നു. പുതിയ ബജറ്റില്‍ ആവശ്യമായ ഇതേ തുക വകയിരുത്തണമെന്നാവശ്യപ്പെട്ടാണ് ധനകാര്യമന്ത്രിക്ക് എംഎല്‍എ നിവേദനം നല്‍കിയത്.