തൃശൂര്‍: ഡോക്ടറെ കാണാന്‍ രോഗികള്‍ ആശുപത്രിയിലെത്തുന്നത് പൊതിച്ചോറുമായി. മടങ്ങുന്നത് വൈകീട്ട്. നൂറുകണക്കിന് പാവപ്പെട്ട രോഗികളെത്തുന്ന തോട്ടപ്പടി ആശുപത്രിയിലാണ് ആരോഗ്യവകുപ്പിന്റെ ക്രൂരത. ദന്ത ഡോക്ടറടക്കം അഞ്ചു ഡോക്ടര്മാരെയണ് ഇവിടെ നിയമിച്ചിരുന്നത്. സാധാരണ രോഗികളെ പരിശോധിക്കാന്‍ ഇപ്പോള്‍ സൂപ്രണ്ടടക്കം രണ്ടു ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഉണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ചിലരെ ജില്ലാ ആരോഗ്യവകുപ്പ് മറ്റു സ്ഥലങ്ങളിലേക്ക് ഡെപ്യൂട്ടേഷനില്‍ വിട്ടിരിക്കയാണ്. ജില്ലയില്‍ തന്നെ ഏറ്റവും അധികം രോഗികള്‍ ആശ്രയിക്കുന്ന ഈ കമ്യൂണിറ്റി സെന്ററില്‍ പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലെയും കോര്‍പറേഷനിലെ രോഗികളുമാണ് എത്താറുള്ളത്.
കൂടാതെ ആലത്തൂര്‍, നെന്മാറ, വടക്കഞ്ചേരി ഭാഗത്തു നിന്നുവരെ പാവപ്പെട്ട രോഗികള്‍ ഇവിടെ ചികിത്സയ്ക്കായും ഡോക്ടറെ കണ്ട് മരുന്നു വാങ്ങിക്കാനുമായി എത്താറുണ്ട്. പരിശോധനയ്ക്കുള്ള ലാബ് ഇവിടെയുള്ളതിനാലാണ് കൂടുതല്‍ പേര് ഇവിടെയെത്തുന്നത്. ദിവസവും നാനൂറിലധികം പേരാണ് ഇവിടെ പരിശോധനക്കായി എത്തുന്നത്. ഇവരെ പരിശോധിക്കാന്‍ ഇപ്പോള്‍ ഉള്ളത് സൂപ്രണ്ടടക്കം രണ്ടു ഡോക്ടര്‍മാര്‍ മാത്രം. രാവിലെയത്തുന്ന രോഗികളെ മുഴുവന്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്നു പോകാറുള്ളൂ.
സര്‍ക്കാര്‍ നയമനുസരിച്ച് ഒമ്പതു ഡോക്ടര്‍മാരെ ഇവിടെ നിയമിക്കാം. എന്നാല്‍ ഇവിടെ ആകെയുണ്ടായിരുന്ന അഞ്ചു ഡോക്ടര്‍മാരില്‍ രോഗികളെ പരിശോധിക്കാനുള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രം. ഏറ്റവും കൂടുതല്‍ രോഗികള്‍ പരിശോധനയ്ക്കെത്തുന്ന ആശുപത്രിയാണെന്ന് ഡിഎംഒയ്ക്ക് അറിയാമായിരുന്നിട്ടും ഇവിടെയുള്ള ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ വിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ചില സംഘടനകള്‍ ആശുപത്രിയില്‍ സമരം വരെ നടത്തിയിട്ടും ജില്ലാ ആരോഗ്യം വിഭാഗം കുലുങ്ങിയിട്ടില്ല. യാതൊരു തിരക്കുമില്ലാത്ത ഹെല്‍ത്ത് സെന്ററിലേക്കാണ് ഡോക്ടര്‍മാരെ ഇവിടെ നിന്ന് ഡെപ്യൂട്ടേഷനില്‍ വിട്ടിരിക്കുന്നതെന്നാണ് മറ്റൊരു ആരോപണം.
ഇത്രയും രോഗികള്‍ക്ക് ഇവിടെ ആകെയുള്ളത് ഒരു സ്റ്റാഫ് നഴ്സ് മാത്രം. എട്ട് പേര് വേണ്ടിടത്താണ് ആകെ ഒരു നഴ്സിനെ വച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം നടത്തുന്നത്. ഡോക്ടറെ കാണാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ ഇപ്പോള്‍ പൊതിച്ചോറുമായാണ് എത്തുന്നത്. രാവിലെ വന്നാല്‍ വൈകുന്നേരമാകുമ്പോള്‍ മാത്രമേ ഡോക്ടറെ കണ്ട് പോകാന്‍ സാധിക്കൂ. പാവപ്പെട്ട രോഗികളാണ് ഇവിടെയെത്തുന്നതില്‍ കൂടുതല്‍ പേരും.
ഇവര്‍ക്ക് പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാലാണ് പൊതിച്ചോറുമായി എത്തുന്നത്. പുറത്ത് ആയിരം രൂപ വരെ വാങ്ങുന്ന പല പരിശോധനകള്‍ക്കും ഇവിടെയുള്ള ലാബില്‍ നിസാര തുകയേ നല്‍കേണ്ടതുള്ളൂ. വളരെ പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന ഇത്തരം ആശുപത്രികളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ മനപ്പൂര്‍വം ഉപദ്രവിക്കുന്ന നിലപാടാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും ചെയ്യുന്നതെന്നാണ് ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ പരാതി.
