കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍നിന്നു സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍.
പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മീഷന് ഇരുവരെയും കൗണ്‍സിലിംഗിനു വിധേയരാക്കാന്‍ തീരുമാനിച്ചു.
പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി.
എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടുത്തെ ഡോക്ടറും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മീഷനു മുമ്പാകെ വന്ന മറ്റൊരു പരാതി.
തങ്ങളുടെ പദവികളും ഉത്തരവാദിത്വങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മീഷന് മുമ്പാകെ തീരുമാനമെടുത്തു.
ഗാര്‍ഹിക പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, പോലീസിനെതിരായ പരാതി തുടങ്ങിയ വിവിധ തരത്തിലുള്ള 39 പരാതികള്‍ക്ക് തീര്‍പ്പായി.
ഏഴു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ടു പരാതികള്‍ കൗണ്‍സിലിംഗിനു വിട്ടു. ആകെ പരിഗണിച്ച 200 പരാതികളില്‍ 152 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.
രണ്ടു ദിവസമായി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന് എന്നിവര്‍ പരാതികള്‍ കേട്ടു.