കാന്‍സറിനെ നേരിടാന്‍ മരുന്നിനേക്കാള്‍ ആവശ്യം മനഃശക്തിയെന്ന് ഡോ. വി.പി. ഗംഗാധരന്‍

ALP-CANCERആലപ്പുഴ: കാന്‍സര്‍ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാന്‍സര്‍ രോഗചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. വി.പി. ഗംഗാധരന്‍. രോഗികള്‍ക്കു മരുന്നിനെക്കാളുപരി മനഃശക്തിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ എന്ന വലിയ വിപത്തിനെതിരെ ദീപിക ദിനപ്പത്രവും സര്‍ഗക്ഷേത്രയും മേളം ചാരിറ്റി ഫൗണേ്ടഷനും സംയുക്തമായി കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ എസ്ഡി കോളജില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാന്‍സര്‍ രോഗങ്ങളെ കുറിച്ചും രോഗം തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എസ്ഡി കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ കൂടി സഹകരണത്തോടെ ജൂബിലി ഓഡിറ്റോറിയത്തില്‍ നടത്തിയ കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ചില രോഗങ്ങളെ പൂര്‍ണമായും നിയന്ത്രിക്കാനാകില്ലെന്നതാണ് അവസ്ഥയെന്നു പറഞ്ഞ മന്ത്രി പണ്ട് ക്ഷയവും കുഷ്ഠവും പോലുള്ള മാരക അസുഖങ്ങളുണ്ടായിരുന്നയിടത്തേക്കു ഇന്ന് കാന്‍സര്‍ പോലുള്ളവ എത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അന്തരീക്ഷം തന്നെ പൂര്‍ണമായും വിഷമയമാകുമ്പോള്‍ അസുഖങ്ങളും ഏറിവരുന്നു.

സേവനംപോലും മറന്നുപോകുന്ന സമൂഹത്തിലാണ് നാമിന്നു നില്‍ക്കുന്നത്. അധികാരഗര്‍വും സമ്പത്തിന്റെ അഹങ്കാരവും നിയമലംഘനത്തിന്റെ സ്വഭാവവുമായി സമൂഹം മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തില്‍ ഇത്തരം പരിപാടികളുമായി സമുഹത്തെ ശുശ്രൂഷിക്കുന്നതു തന്നെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സിഎംഐ പ്രോജക്ട് അവതരിപ്പിച്ചു.

എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. നടരാജ അയ്യരും മാനേജര്‍ ജെ. കൃഷ്ണനും ധനസഹായവിതരണവും വൈസ്പ്രിന്‍സിപ്പല്‍ ഡോ. ജൂബിലി നവപ്രഭ വിഗ് വിതരണവും നടത്തി. കൊച്ചി കാന്‍സര്‍ സൊസൈറ്റി സെക്രട്ടറി നാരായണന്‍പോറ്റി, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഡോ. പി. സുനില്‍കുമാര്‍, എസ്ഡി കോളജ് പിടിഎ പ്രസിഡന്റ് ഡോ. എസ്. അജയകുമാര്‍, എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.ആര്‍. അനില്‍കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രഫ. കെ.എസ്. വിനീത്ചന്ദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts