ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലക്കി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ രംഗത്ത്.
പാറശാല സ്വദേശിയായ സുധീര്‍ ആണ് പാറശാല പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ട് ആറുമാസം പിന്നിട്ടെങ്കിലും പോലീസ് കേസെടുക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നാണ് സുധീര്‍ പറയുന്നത്.
ശിവകാശി സ്വദേശിനിയായ ഭാര്യ, ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ലിക്സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീര്‍ പറയുന്നു.
തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞെന്നും സുധീര്‍ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫൈഡും കണ്ടെത്തിയത്.
വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീര്‍ പറയുന്നത്. അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു.
അലൂമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്ന് സുധീര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും സുധീര്‍ ആരോപിക്കുന്നു.