കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ദൗത്യ സംഘം പുറങ്കടലിലേക്ക് പുറപ്പെട്ടു.
കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും.
13 ന് ഇന്ധനം നീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക.
അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.