തെന്നിന്ത്യയിലെ സൂപ്പർ നായികയെ തട്ടിക്കൊണ്ട്പോയി ഓടുന്ന വാഹനത്തിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു. 2017 ഫെബ്രുവരി 18-ന് നാടുണർന്നത് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്. നാലാം നാൾ അക്രമി പിടിയിൽ.
കൊടും ക്രൂരതയ്ക്ക് പിന്നിൽ വ്യക്തമായ പ്ലാനിംഗും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യർ രംഗത്തെത്തിയതോടെ ദിലീപിനുള്ള ആദ്യ കുരുക്ക് വീണു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയിലെ ദർബാർ ഹാളിൽ ചേർന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. വാക്കുകളില്‍ കൂടി പറയാന്‍ പറ്റുന്ന വികാരമാണെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഈ അനുഭവം വന്നിരിക്കുന്നത്.
ഇന്നലെ ഞങ്ങള്‍ ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തേയും സമചിത്തതയേയും കണ്ട് ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ഏറ്റവും അഭിമാനമുണ്ട്.
ഈയൊരു സാഹചര്യം ഇന്നൊരു അറിയപ്പെടുന്ന വ്യക്തിക്ക് മാത്രമല്ല, ഏതൊരു പെണ്‍കുട്ടിക്കും ഈയൊരു സാഹചര്യം ഉണ്ടാവരുത് എന്നാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ പ്രാര്‍ഥന. ഇവിടെ ഇരിക്കുന്ന ഞങ്ങളില്‍ പലരേയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും വീടുകളില്‍ സുരക്ഷിതരായി കൊണ്ട് ചെന്നാക്കിയിട്ടുളള ഡ്രൈവര്‍മാരുണ്ട്.
അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും അങ്ങനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈയൊരു ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക.
അത് മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള് പുരുഷന് നല്കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ച് കിട്ടാനുളള അര്‍ഹത ഒരു സ്ത്രീക്കുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരേയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ”.
നാലാം മാസം കൃത്യം ജൂൺ 28-ന് കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ചോദ്യം ചെയ്തു. ജൂലൈ 10ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ കേരളം വീണ്ടും ഞെട്ടി. കൊട്ടേഷൻ പീഡനം ദിലീപിനെതിരെ ആരോപിക്കപ്പെട്ടു. ദിലീപ് ഗൂഢാലോചന നടത്തി കൊട്ടേഷൻ കൊടുത്ത് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
2017 ഫെബ്രുവരി 17 ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്ന് നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു.
ദിലീപ് തുടര്‍ന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്കി. 2013 ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര് കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
