പരവൂർ: ആധുനികവത്ക്കരണത്തിൽ വൻ മുന്നേറ്റം കുറിച്ച് ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നിർമിച്ചത് 42600 എൽഎച്ച്ബി കോച്ചുകൾ. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നീ പദ്ധതികൾ വഴിയാണ് ഇത്രയധികം കോച്ചുകൾ നിർമിക്കാൻ റെയിൽവേക്കു സാധിച്ചത്.
സുരക്ഷിതവും സുഗമവും കാര്യക്ഷമവുമായ റെയിൽ യാത്ര ഉറപ്പാക്കുന്നതാണ് എൽഎച്ച്ബി കോച്ചുകൾ.
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം (2025 നവംബർ വരെ) ആകെ 4,224 ലിങ്ക് ഹോഫ്മാൻ ബുഷ് ( എൽഎച്ച്ബി) കോച്ചുകളാണ് റെയിൽവേ പുതുതായി നിർമിച്ച് പുറത്തിറക്കിയിട്ടുള്ളത്.മുൻ വർഷം ഇതേ കാലയളവിൽ നിർമിച്ച 3,590 കോച്ചുകളേക്കാൾ 18 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉത്പാദനത്തിലെ ഈ വർധന റെയിൽവേയുടെ എല്ലാ നിർമാണ യൂണിറ്റുകളിലെയും ഉത്പാദന ശേഷി തുടർച്ചയായി ശക്തിപ്പെടുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ മാത്രം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 1,659 എൽഎച്ച്ബി കോച്ചുകൾ നിർമിച്ചു. തൊട്ട് പുറകിലുള്ളത് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി (എംസി എഫ്) ആണ്. ഇവിടെ 1,334 കോച്ചുകളാണ് നിർമാണം പൂർത്തിയാക്കി പുറത്തിറക്കിയത്.കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ (ആർസിഎഫ് ) 1,331 കോച്ചുകളും നിർമിച്ചു. ഇതാണ് ഈ കോച്ചുകളുടെ നിർമാണത്തിൽ വൻ കുതിച്ചുചാട്ടത്തിന് സഹായകമായത്.
2014 – നും 2025-നും മധ്യേ ഇത്യൻ റെയിൽവേ 42,600 ൽ അധികം എൽഎച്ച്ബി കോച്ചുകൾ നിർമിച്ചതായാണ് കണക്ക്.2004 നും 2014 നും മധ്യേ നിർമിച്ച 2300 കോച്ചുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.മികച്ച സുരക്ഷാ മാനദണ്ഡങ്ങൾക്കും കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യകതകൾക്കും പേരു കേട്ടതാണ് എൽഎച്ച്ബി കോച്ചുകൾ.
അതുകൊണ്ട് തന്നെ പുതിയ കോച്ചുകൾ സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ പുറത്തിറക്കുമ്പോൾ നവീകരണത്തിന് സ്ഥിരമായ ശ്രദ്ധയും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിച്ചും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ കൂടുതൽ എൽഎച്ച്ബി കോച്ചുകൾ നിർമിക്കാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പഴയ ഐസിഎഫ് കോച്ചുകളുടെ നിർമാണം ഗണ്യമായി കുറച്ച് കഴിഞ്ഞു. സമീപഭാവിയിൽ രാജ്യത്തെ എല്ലാ പാസഞ്ചർ ട്രെയിനുകളിലും ഉൾപ്പെടെ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താനാണ് അധികൃതർ ലക്ഷമിടുന്നത്.
