തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് സിപിഐ, അല്ലെന്ന് സിപിഎമ്മും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനുമാണ് ഇക്കാര്യത്തിൽ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയായെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. അതിനെ ഖണ്ഡിക്കുകയാണ് സിപിഎം നേതാവും എൽഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണൻ. ശബരിമല വിവാദമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയിട്ടില്ലെന്നും ഇപ്പോൾ വിലയിരുത്തൽ നടത്തുന്നില്ലെന്നുമാണ് ടി.പി. രാമകൃഷ്ണന്റെ അഭിപ്രായം.
പരാജയകാരണങ്ങളിൽ മറ്റ് വിശകലനങ്ങളിലേക്ക് പോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നാളത്തെ എൽഡിഎഫ് യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. എന്നാൽ ടി.പി. രാമകൃഷ്ണന്റെ അഭിപ്രായത്തെ തള്ളുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ശബരിമല സ്വർണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിപ്പോയെന്നും പ്രതീക്ഷിച്ചതിനെക്കാൾ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. ഇടത് നേതാക്കളുടെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടാകുമെന്ന് ജനങ്ങൾ കരുതിയില്ല. എൽഡിഎഫിനൊപ്പം നിലകൊണ്ട ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായത് ദൗർഭാഗ്യകരമായിപ്പോയി. ബിജെപിയുമായി സർക്കാരിനു ബന്ധമുണ്ടെന്ന പ്രചാരണവും വലിയ തിരിച്ചടിയായെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കുറ്റങ്ങളെല്ലാം സിപിഎമ്മിന് മേൽ കെട്ടിവയ്ക്കാനില്ല. എൽഡിഎഫ് കൂട്ടായി തിരുത്തൽ വരുത്തി തിരികെ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പരാജയകാരണത്തെക്കുറിച്ച് സിപിഎം നേതാവ് എം.എം മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റുകാർ നിലപാട് പറയുന്പോൾ വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം. വാക്കും ശൈലിയും പ്രധാനമാണെന്നും ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി.
2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിയും പിടിച്ചെടുത്തതോടെ കനത്ത പരാജയമാണ് സിപിഎമ്മിന് നേരിട്ടത്. 30 വർഷക്കാലമായി സിപിഎമ്മാണ് കോർപ്പറേഷൻ ഭരിച്ച് വന്നിരുന്നത്. സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നേടിയതും എൽഡിഎഫിന് തിരിച്ചടിയായി മാറുകയായിരുന്നു.
- എം. സുരേഷ്ബാബു
