തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത വീഴ്ചയ്ക്കുള്ള കാരണം കണ്ടെത്തിയെന്നും പരിഹാര നടപടികൾ ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായി കണ്ടെത്തിയത്.
വീടുകൾ സന്ദർശിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം.
സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല.
കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർത്ഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്.
സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൽഡിഎഫ് സംസ്ഥാന ജാഥ നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
