തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എ ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തില്‍ നിന്ന് എംഎല്‍എ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലേക്കാണ് പുതിയ ഓഫീസ് മാറുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ മാറ്റിത്തുടങ്ങി. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റിയുടെ ഓഫീസിലേക്കാണ് പ്രശാന്ത് ഓഫീസ് മാറ്റുന്നത്.
തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഓഫീസ് മാറുന്നതെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ കരാര്‍ പ്രകാരം പ്രശാന്തിന് കാലാവധിയുണ്ടായിരുന്നു. കൗണ്‍സിലര്‍ ഓഫീസും എംഎല്‍എ ഓഫീസും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായി ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ആര്. ശ്രീലേഖ വിജയിച്ചുവന്നതിനെത്തുടര്ന്ന് കോര്പറേഷന് കെട്ടിടത്തില്‍നിന്ന് ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു.
തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് ഉപയോഗിക്കുന്ന മുറി കൂടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. ഇത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. വാടക കാലാവധി കഴിയാതെ താന്‍ ഓഫീസ് ഒഴിയില്ലെന്ന് പ്രശാന്തും നിലപാടെടുത്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ഓഫീസ് ഒഴിയുകയാണെന്ന് പ്രശാന്ത് അറിയിക്കുകയായിരുന്നു.
