മട്ടന്നൂർ: 53 വർഷം മുന്പ് പത്താം ക്ലാസ് പരീക്ഷയിലുണ്ടായ പരാജയത്തിന്റെ വേദന 71ാം വയസിൽ തീർത്ത് യുസി. തില്ലങ്കേരിയെന്ന യു.സി. നാരായണൻ. 1972ലെ പത്താം ക്ലാസ് പരാജയത്തിന് ശേഷം ഇപ്പോൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പത്താം തരം തുല്യാത പരീക്ഷാ കേന്ദ്രത്തിൽ പഠിതാവായി ചേർന്നാണ് യു.സി. തില്ലങ്കേരി പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതി വിജയിച്ച് മധുര പ്രതികാരം വീട്ടിയത്.
തില്ലങ്കേരി പോസ്റ്റ് ഓഫീസ്, ഇരിട്ടി ലാൻഡ് ട്രിബ്യൂണൽ, ഇരിട്ടി എടക്കാട് ബ്ലോക്ക് ഓഫീസ്, തില്ലങ്കേരി, പേരാവൂർ, കൊളക്കാട്, മാലൂർ, കൂത്തുപറമ്പ്, ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച യു.സി. നാരായണൻ സജീവ കോൺഗ്രസ് അനുഭാവിയും എൻജിഒ അസോസിയേഷൻ പ്രവർത്തകനുമായിരുന്നു.
സർവീസിൽ നിന്ന് വിരമിച്ച ശേഷം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രവർത്തകനും ഇപ്പോഴും കെഎസ്എസ്പിഎ സംസ്ഥാന കൗൺസിലറുമാണ്. 1985 മുതൽ 2000 വരെ തില്ലങ്കേരി പഞ്ചായത്ത് അംഗവുമായിരുന്നു.
