നിർഭയം സധൈര്യം എന്തും വിളിച്ചു പറയാൻ തക്കവണ്ണം വളരുന്നൊരു തലമുറയാണ് ജെൻസി. കുറേക്കൂടി വീക്ഷണ കോണിൽ ലോകത്തെ നോക്കിക്കാണുന്ന പുതുതലമുറയിൽ നിന്നൊരു ഭരണാധികാരി കൂടി വരുന്നു. യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ തലപ്പത്തേക്ക് ഒന്നര നൂറ്റാണ്ടിനു ശേഷം ആദ്യമായി ഒരു വനിത എത്തുകയാണ്.
1800കളിൽ ഭരിച്ചിരുന്ന ഇസബെല്ല രാജ്ഞിക്കു ശേഷം സ്പെയിനിന് ഇതുവരേയും ഒരു വനിതാ ഭരണാധികാരി ഉണ്ടായിരുന്നില്ല. ആ പദവിയിലേക്ക് നടന്നടുക്കുകയാണ് 20 കാരിയായ ലിയോണർ. ഫെലിപ്പ് ആറാമൻ രാജാവിന്റെയും ലെറ്റിസിയയും മൂത്ത മകളാണ് ലിയോണർ. പിതാവ് ഫെലിപ്പ് ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോണർ സ്പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.
2005 ഒക്ടോബർ 31-ന് സ്പെയിനിലെ മാഡ്രിഡിലാണ് ലിയോണോറിന്റെ ജനനം. സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. സ്പെയിനിന്റെ അടുത്ത രാജ്ഞിയാകാനായി വലിയ പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ലിയോണോറിന് ലഭിച്ചത്.
മാഡ്രിഡിലെ സാന്റാ മരിയ ഡി ലോസ് റൊസാലെസ് സ്കൂളിലാണ് രാജകുമാരിയുടെ സ്കൂൾ വിദ്യാഭ്യാസം. ഭാവിലോക നേതാക്കളെയും രാജകുടുംബാംഗങ്ങളെയും പഠിപ്പിക്കുന്ന ഇടം എന്ന നിലയിൽ പേരെടുത്ത വെയിൽസിലെ യു ഡബ്ല്യു സി അറ്റ്ലാന്റിക് കോളജിൽ നിന്നാണ് ലിയോണോർ ബിരുദം നേടിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോണോറിന്റെ പഠനം.
ഭാവിയിൽ ലോക നേതാക്കളോട് സംസാരിക്കാനുള്ള പരിശീലനമെന്നോണം സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്റാരിൻ എന്നീ ഭാഷകളിൽ ലിയോണോർ പരിജ്ഞാനം നേടിയിട്ടുണ്ട്. സ്പാനിഷ് നിയമമനുസരിച്ച് ഭാവി രാജഭരണാധികാരി സായുധ സേനയുടെ എല്ലാ ശാഖകളിലും പരിശീലനം നേടേണ്ടതുണ്ട്. അതിനാൽ രാജകുമാരി അതിലും പ്രാവിണ്യം നേടിയിട്ടുണ്ട്.
ജെൻസിത്തലമുറയിൽ നിന്നൊരാൾ ഭരണാധികാരി ആകുന്നതോടെ എന്തൊക്കെ മാറ്റങ്ങളാണ് ആഗോള വേദിയിൽ സംഭവിക്കുക എന്നത് അറിയാൻ ആകാക്ഷയോടെ നമുക്കും കാത്തുനിൽക്കാം.
