മൂന്നാർ: ഇടവേളയ്ക്കുശേഷം മൂന്നാറിൽ വീണ്ടും കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസം താപനില മൂന്നു ഡിഗ്രിയിൽ താഴെ എത്തിയതോടെ കടുത്ത തണുപ്പായിരുന്നു മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു.
ഒരിടവേളയ്ക്കു ശേഷമാണ് തെക്കിന്റെ കാശ്മീരിനെ തണുപ്പ് പുൽകിയത്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 19 മുതൽ തുടർച്ചയായ നാലു ദിവസങ്ങളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. കുണ്ടളയിൽ തണുപ്പ് മൈനസ് രണ്ടു ഡിഗ്രിവരെ എത്തിയിരുന്നു.
തണുപ്പ് ശക്തമായതോടെ മൂന്നാറിൽ വീണ്ടും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷൻ കന്നിമല, ലക്ഷ്മി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും എത്തുന്നത്. പുലർച്ചെ പുൽമേടുകളിലും മലനിരകളിലും എത്തി തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല.
പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ അവധിക്കാലമായതിനാൽ അവിടെനിന്നാണ് കൂടുതൽ സഞ്ചാരികളും എത്തുന്നത്. രാത്രിയിലും പുലർച്ചെയും കനത്ത തണുപ്പാണെങ്കിലും പകൽ നല്ല ചൂടാണ് അനുഭവപ്പെടുന്നത്.
