ആലപ്പുഴ: വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്ന സജി ചെറിയാന്റെ പ്രസ്താവനക്കെതിരേയാണ് പരാതി. മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സജി ചെറിയാൻ ആർഎസ്എസ് ഏജന്റാണെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ പ്രസ്താവന ബോധപൂർവമാണ്. മതപരമായ വേർതിരിവ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആർഎസ്എസിന്റെ വോട്ട് വാങ്ങാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് മന്ത്രിമാരായ സജി ചെറിയാനെയും വി.എൻ വാസവനെയുമാണെന്നും ബിനു ആരോപിച്ചു.
ചെങ്ങന്നൂരിൽ മാത്രം ഉണ്ടാക്കിയ ഡീലാണോ സംസ്ഥാന ഡീൽ ആണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു. ഹനുമാൻ സേനയുടെ മാനസികാവസ്ഥയിലേക്ക് സജി ചെറിയാൻ മാറി. മന്ത്രിക്കെതിരേ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ബിനു ചുള്ളിയിൽ കൂട്ടിച്ചേർത്തു.
