വൈക്കം: നഗരസഭ ലക്ഷങ്ങൾ വിനിയോഗിച്ച് സ്ഥാപിച്ച നഗരത്തിലെ ശുചിമുറികളിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ. കായലോര ബീച്ചിലും നഗരഹൃദയത്തിൽ അന്ധകാരത്തോടിനു സമീപത്തുമുള്ള ശുചിമുറികളുടെ പൈപ്പുകളും ഫ്ലഷുകളുമാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിരിക്കുന്നത്.
അന്ധകാരത്തോടിനു സമീപത്തെ ശുചിമുറി ഉപയോഗിക്കാനാവാത്തവിധം മലിനമാക്കിയിട്ടുണ്ട്. ഏറെക്കാലത്തെ ആവശ്യത്തത്തുടർന്നാണ് ഏതാനും മാസം മുമ്പ് നഗരസഭ നാലിടങ്ങളിലായി 11 ലക്ഷത്തിലധികം രൂപ മുടക്കി ശുചിമുറികൾ സ്ഥാപിച്ചത്.
സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് മുറികളായുള്ള ശുചിമുറി സംവിധാനമാണ് നാലിടങ്ങളിലും സ്ഥാപിച്ചത്. ബീച്ചിലെ ശുചിമുറികളിലെ ക്ലോസറ്റിലെ ഫ്ലഷ് സംവിധാനത്തിന്റെ ഭാഗങ്ങളാണ് കേടുവരുത്തിയിരിക്കുന്നത്. പുരുഷൻമാരുടെ ശുചിമുറിലെ ഫ്ലഷ് ടാങ്കിലെ പൈപ്പ് അടർത്തിമാറ്റിയ നിലയിലാണ്. സ്ത്രീകളുടെ ശുചിമുറിയിലും ഫ്ലഷ് സംവിധാനം പ്രവർത്തിക്കുന്നില്ല.
അന്ധകാരത്തോടിനു സമീപത്തെ ശുചിമുറിയിയിൽ കയറാനാവാത്ത വിധത്തിൽ ക്ലോസറ്റാകെ മലിനപ്പെടുത്തുകയും ഫ്ലഷ് ടാങ്ക് അടിച്ച് തകർത്തിരിക്കുകയുമാണ്. വാതിലുകളടക്കം തകർത്തത് നഗരസഭാ അധികൃതർ മാറ്റിവച്ചിട്ടും വീണ്ടും സാമൂഹ്യ വിരുദ്ധർ ഉപകരണങ്ങൾ തകർക്കുകയും ടാപ്പുകളും പൈപ്പുകളും ഊരി കടത്തുകയും ചെയ്യുന്ന സ്ഥിതിയാണ്.
കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നഗരത്തിലെത്തുന്നവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
