പാലാ: ആറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നെല്ലിയാനി മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടത്തില്‍ വെള്ളവും വൈദ്യുതിയും എത്തിയെങ്കിലും ഓഫീസുകള്‍ എന്നു വരുമെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്. നാട്ടുകാരുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് വെള്ളവും വൈദ്യുതിയും ലഭ്യമാക്കിയത്. റവന്യു വകുപ്പാണ് ഇതിനായി ഫണ്ട് ലഭ്യമാക്കിയത്. ജില്ലാ ഭരണകൂടം അനുവദിച്ച 30,000ൽപരം രൂപ മീനച്ചില്‍ തഹസില്‍ദാര്‍ വാട്ടര്‍ അഥോറിട്ടിക്ക് നല്‍കിയതിനെത്തുടര്‍ന്നാണ് വാട്ടര്‍ കണക്ഷന് നടപടിയായത്.
ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവിടേക്കുള്ള ഓഫീസ് മാറ്റത്തിന് വിവിധ വകുപ്പുകള്‍ തടസവാദം ഉന്നയിച്ചു കൊണ്ടിരുന്നത്. ഇനി എ ന്ത് തടസവാദമാണ് വിവിധ വകുപ്പുകള്‍ ഉന്നയിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഒരു മാസം മുന്‍പ് ജില്ലാ കളക്ടറും റവന്യു അധികൃതരും വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മന്ദിരത്തിലെത്തി പരിശോധന നടത്തുകയും പുതുവര്‍ഷത്തില്‍ ഓഫീസ് മാറ്റത്തിന് നടപടി ഉണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് അധികൃതരെത്തി കാട് വെട്ടിത്തെളിച്ച് പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കപ്പെട്ടതോടെ ഇവിടേക്കു മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നൊന്നായി മാറ്റി സ്ഥാപിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയ്സണ്‍ മാന്തോട്ടവും കാണിയക്കാട് റെസിഡന്റ്സ് അസോസിയേഷനും അധികൃതരോട് ആവശ്യപ്പെട്ടു.
ലക്ഷങ്ങള്‍ വാടക കൊടുത്ത് പരിമിതമായ സൗകര്യങ്ങളോടെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസാണ് മാറ്റി സ്ഥാപിക്കേണ്ടത്. സര്‍ക്കാര്‍ കെട്ടിടം ഉണ്ടായിരിക്കേ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനുമതി ഇല്ലാത്തതുമാണ്. ഇതു ലംഘിച്ചാണ് ഖജനാവിന് വലിയ ബാധ്യത വരുത്തി വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
